ലണ്ടൻ: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 94 റൺസിന് പാക്കിസ്ഥാൻ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി കാണാതെ പാക്പട പുറത്തായിരുന്നു.
ഏറെനാൾ മുന്നേ തന്നെ ഈ തീരുമാനം എടുത്തിരുന്നതാണെന്നും എന്നാൽ, പലകാരണങ്ങൾ കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നീളുകയായിരുന്നവെന്നും മാലിക്ക് പറഞ്ഞു. ഒപ്പം കളിച്ചവർക്കും, പരിശീലകർക്കും, സുഹൃത്തുക്കൾക്കും, സ്പോൺസർമാർക്കും, മാധ്യമങ്ങൾക്കും, കുടുംബാംഗങ്ങൾക്കും എല്ലാത്തിലുമുപരി ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മാലിക്ക് കൂട്ടിച്ചേർത്തു.
ഏറെ ദുഃഖകരമായ തീരുമാനമാണിതെന്നും പക്ഷേ, കരിയറിനേക്കുറിച്ച് ഓർക്കുമ്പോൾ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സമയം കുടുംബത്തിനൊപ്പം ചെലവിടാനാകുമെന്നത് തന്നെ സന്തുഷ്ടനാക്കുന്നുണ്ടെന്നും ട്വന്റി-20 ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും മാലിക്ക് വ്യക്തമാക്കി.
നിലവിലെ ലോകകപ്പ് ഷോയിബിന് അത്ര നല്ല ഓർമകളല്ല സമ്മാനിക്കുക. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് വെറും എട്ട് റൺസ്. പ്രതിഭയുടെ മിന്നലാട്ടം പോലും കാണിക്കാതിരുന്ന ഷോയിബ് മൂന്നിൽ രണ്ട് മത്സരങ്ങളിലും “സംപൂജ്യനു’മായിരുന്നു. ഇതോടെ ആരാധകർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
1999ൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ ഷോയിബ് മാലിക്ക് 287 ഏകദിനങ്ങളിലാണ് പാക് പാഡണിഞ്ഞത്. ഇത്രയും മത്സരങ്ങളിൽ നിന്നായി 7,543 റൺസും 158 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഒൻപത് സെഞ്ചുറികളും 44 അർധ സെഞ്ചുറികളും മാലിക്ക് ഏകദിനത്തിൽ സ്വന്തം പേരിൽ കുറിച്ചു.
2015 നവംബറിൽ മാലിക്ക് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞിരുന്നു. 35 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1898 റണ്‍സാണ് മാലിക്ക് ടെസ്റ്റില്‍ നേടിയിരുന്നത്. 32 വിക്കറ്റുകളും മാലിക്ക് ടെസ്റ്റിൽ സ്വന്തമാക്കിയിട്ടുണ്ട്.
111 ട്വന്റി-20 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള മാലിക്ക് 2,245 റൺസും 28 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 245ഉം ഏകദിനത്തിൽ 143ഉം ട്വന്റി-20യിൽ 75മാണ് താരത്തിന്റെ ഉയർന്ന സ്കോറുകൾ.