കോഴിക്കോട്: ഫാഷൻ മാസികയായ വോഗ് ഇന്ത്യയുടെ വുമണ് ഓഫ് ദ ഇയർ സീരീസിൽ മന്ത്രി കെ.കെ.ശൈലജ ഇടംനേടിയതിനെ വിമർശിച്ച് ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ.
ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ചോദിച്ച ശോഭാ സുരന്ദ്രൻ, ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോണോയെന്നും ആരാഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങൾ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവർത്തകയാണ് ഞാൻ.
എന്നാൽ ലഭിക്കുന്ന പുരസ്ക്കാരം രാഷ്ട്രീയ കാരണങ്ങളാൽ ആണെങ്കിൽ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്.
മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ?
അതോ തന്റെ അധികാരപരിധിയിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തിൽ പാലിച്ച നിഷ്ക്രിയത്വത്തിനോ?
അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിനോ? രാജാവിന് പ്രാണഭയം ഉണ്ടാകുന്പോൾ സ്ത്രീകളെ പടയ്ക്ക് മുന്നിൽ നിർത്തുന്ന കഥകൾ കേട്ടിട്ടുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നിൽ. കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനിൽക്കുന്ന സർക്കാരിനെ പ്രതിരോധിക്കാൻ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്ക് നിൽക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്?