സ്വന്തം ലേഖകന്‍
കോഴിക്കോട്: സെക്രട്ടേറിയറ്റിനുമുന്നിലെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ തുടരുന്ന സമരത്തിന് പിന്തുണയുമായെത്തിയ ശോഭ സുരേന്ദ്രന്റെ സമരത്തിനുനേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം.
സമരമുഖത്തുണ്ടായിരുന്ന യുവമോര്‍ച്ചാ നേതാക്കളോടുപോലും ചര്‍ച്ച ചെയ്യാതെ സ്വയം പ്രഖ്യാപിത സമരവുമായി ശോഭ രംഗത്തെത്തിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
അതേസമയം ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ജനകീയ വിഷയത്തിലാണ് ശോഭ സുരേന്ദ്രന് ഇടപെട്ടതെന്നതിനാല് അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ നേതൃത്വം തയാറായിട്ടില്ല.
വിമര്‍ശനം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.അതേസമയം താരപരിവേഷം നല്കി ശോഭാസുരേന്ദ്രന്റെ സമരത്തെ ആഘോഷമാക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
തദ്ദേശതെരഞ്ഞെടുപ്പില്നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയും സംസ്ഥാന അധ്യക്ഷനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ശോഭയെ അംഗീകരിക്കാന്‍ നേതൃത്വത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന് വീണ്ടും സജീവമായത്. അതിനാല്‍ ശോഭയുടെ സമരത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് വരുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.
വിജയയാത്രയുടെ ഒരുക്കളുമായി ബന്ധപ്പെട്ടും മറ്റുമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനത്തിനാണ് സംസ്ഥാന നേതൃത്വം മുന്‍തൂക്കം നല്‍കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രസ്താവനയും സംസ്ഥാന നേതൃത്വം ചര്‍ച്ചയാക്കിയിട്ടില്ല. പകരം ശോഭ സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി ഇ.ശ്രീധരന് പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഇതോടെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായി ഇ.ശ്രീധരന്റെ രംഗപ്രവേശം മാറുകയും ചെയ്തു.