കോഴിക്കോട് : ബിജെപിയുടെ സമരമുഖങ്ങളിലെ തീപ്പൊരിയായിരുന്ന ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാകുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനു നീരസം.
സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമ്പോഴുണ്ടായ വിവാദം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും അനുകൂലികളെയും അലോസരപ്പെടുത്തുകയാണ്.
അതേസമയം, സംസ്ഥാന സമിതി പുനഃസംഘടനയ്ക്കു ശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുകയായിരുന്ന ശോഭാസുരേന്ദ്രനെ കേന്ദ്രവനിതാ കമ്മീഷനിലേക്കു പരിഗണിക്കുന്നതായാണ് സൂചന.
എതിർപ്പില്ല
ശോഭയ്ക്ക് ഏത് സ്ഥാനം നല്‍കുന്നതിനും എതിര്‍പ്പില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ചെയര്‍പഴ്സണ്‍ സ്ഥാനമാണ് ശോഭാ സുരേന്ദ്രനായി കേന്ദ്രനേതൃത്വം നീക്കിവച്ചതെന്നാണറിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടു സംസ്ഥാനത്തിനകത്ത് ബിജെപി പ്രതിഷേധം കടുപ്പിച്ചിട്ടും ശോഭാസുരേന്ദ്രന് സമരമുഖത്തുണ്ടായിരുന്നില്ല.
മഹിളാ മോര്ച്ചയുള്പ്പെടെ ബിജെപിയിലെയും പോഷക സംഘടനകളിലേയും വനിതകള്‍ സമരാവേശവുമായി എത്തിയെങ്കിലും ഒരിടത്തുപോലും ശോഭാ സുരേന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. അതിനിടെയാണ് പുതിയ പദവിയിലേക്ക് പരിഗണിക്കുന്ന വിവരം പുറത്തറിയുന്നത്.
അതൃപ്തിയിൽ
ബിജെപി സംസ്ഥാന പുനഃസംഘടനാ സമയത്ത് അധ്യക്ഷപദവിയിലേക്കു ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, കെ. സുരേന്ദ്രന് അധ്യക്ഷ പദവിയിലെത്തി. അതിനു ശേഷം നടത്തിയ പുന:സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കി.
ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിനു കാരണമായി ഉയര്‍ന്നിരുന്ന വാദം. അതേസമയം, ശോഭാ സുരേന്ദ്രന്റെ പുതിയ ചുമതലയില്‍ പാര്‍ട്ടി സംസ്ഥാന ഘടകവും അനുകൂലിക്കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയെന്നതാണ് പാര്‍ട്ടിക്കു മുന്നിലെ പ്രധാനലക്ഷ്യം. ഇതിനു വേണ്ടി പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ അസ്വാരസ്യം അവസാനിപ്പിക്കണമെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ശോഭയെ തള്ളാതെ
അതേസമയം, നിലവില്‍ താൻ ദേശീയ നിര്‍വാഹക സമിതി അംഗമാണെന്നു ശോഭ സുരേന്ദ്രൻ രാഷ്ട്രദീപികയോടു പറഞ്ഞു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള അഞ്ചു പേരിലൊരാളാണ് താൻ.
മറ്റു ചുമതലയുള്ളതിനാലാണ് ഇവിടെ സജീവമാകാത്തതെന്നും അവർ അവകാശപ്പെട്ടു. ബിജെപിയിലേക്കു കൂടുതല്‍ പേരെ അംഗങ്ങളാക്കുകയെന്ന ദൗത്യമാണ് ശോഭയുള്പ്പെടെയുള്ളവര്ക്ക് അമിത്ഷാ നല്കിയ ചുമതല.
മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാനാണ് കണ്‍വീനര്‍. കോ-കണ്‍വീനറായാണ് ശോഭാ സുരേന്ദ്രന് പ്രവര്‍ത്തിക്കുന്നത്. ഒറീസയില്‍ നിന്നുള്ള സുരേഷ് പൂജാരി, രാജസ്ഥാനിലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ചൗധിരി, ദുഷ്യന്ത് ഗൗതം എന്നിവരാണ് പുതിയ ചുമതലയിലുള്ളവര്‍.