പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സംസ്ഥാന ബിജെപിയിലെ പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന് രംഗത്തെത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന് എത്തിയതോടെ പൊതുരംഗത്തുനിന്നും സമരമുഖങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ ഇടതുസര്‍ക്കാരിനെതിരേ നിരന്തരം സമരങ്ങളും പ്രസ്താവനകളുമായി ബിജെപി ശക്തമായ സാന്നിധ്യമാകുമ്പോഴാണ് പടലപ്പിണക്കം പുറത്തുവന്നിരിക്കുന്നത്. ശോഭയ്ക്കെതിരേ കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ്.
പുനഃസംഘന മുഴുവനായും നടത്തിയത് കേന്ദ്ര നേതൃത്വം ഇടപെട്ടാണ്. അതുകൊണ്ടുതന്നെ ഇതിനെതിരായ പരസ്യ പ്രതികരണം ഫലത്തില്‍ കേന്ദ്ര നേതാക്കള്ക്കെതിരേയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.തന്റെ അനുവാദമില്ലാത്ത നടപടിയില്‍ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.
അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരും. ഉത്തരവാദപ്പെട്ട പ്രവര്‍ത്തക എന്ന നിലയില്‍ വിഴുപ്പലക്കലിന് നിന്നുകൊടുക്കില്ല. എന്നാല്‍, കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ഒരുക്കമല്ലെന്നും ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
നിലവില്‍ കെ.സുരേന്ദ്രനുമായി അത്ര അടുപ്പം വച്ചുപുലര്‍ത്തുന്ന നേതാവല്ല ശോഭാസുരേന്ദ്രന്. സമരരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും ശോഭ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരോട് ചോദിക്കണമെന്ന പ്രതികരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയത്.