തിരുവനന്തപുരം: വിജയ സാധ്യത തീരെയില്ലെങ്കിലും വേങ്ങര അങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ബിജെപി തയാറല്ല. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് വേങ്ങര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ തന്നെ പോരിനിറക്കി ശക്തി തെളിയിക്കാൻ ബിജെപി തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ മത്സര രംഗത്തിറക്കാനാണ് ബിജെപിയിൽ ഏകദേശ ധാരണയായിരിക്കുന്നത്. പ്രമുഖ നേതാവ് എ.എൻ.രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്റെ നിർദ്ദേശം കോർ കമ്മിറ്റി പൂർണമായും തള്ളിക്കളഞ്ഞു.
കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ചവച്ച് ബിജെപി കരുത്ത് തെളിയിക്കണമെന്നാണ് യോഗത്തിൽ പൊതുവായി അഭിപ്രായം ഉയർന്നത് ശോഭ സുരേന്ദ്രനെ രംഗത്തിറക്കാൻ ഏകദേശ ധാരണയായെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.