ചെങ്ങന്നൂർ:ചെങ്ങന്നൂരിലെ യുഡിഎഫ് എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭനാ ജോർജ് സിപിഎമ്മിലേക്ക്് ചുവട് മാറ്റുന്നതായി സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ ദിവസം രാത്രിയിൽ ചെങ്ങന്നൂരിലെ ശോഭനയുടെ വസതിയിൽ നടന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ സജി ചെറിയാനുമാണ് കഴിഞ്ഞ ദിവസം ശോഭനാ ജോർജുമായി ചർച്ച നടത്തിയത്. രാത്രി ഒരുമണി വരെ നീണ്ട ചർച്ചയിൽ നിരവധി വാഗ്ദാനങ്ങളും ഇവർക്ക് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ഉൾപ്പെടെ യുള്ളവയാണ് ശോഭനയ്ക്ക് സിപിഎം കൊടുത്ത വാഗ്ദാനങ്ങളെന്നും സൂചനയുണ്ട്. 1991 മുതൽ 2001ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ യുഡിഎഫ് സ്ഥാനാർത്ഥിയായിനിന്ന് ചെങ്ങന്നൂരിൽ ശോഭന ഹാർട്ടിക്ക് വിജയം കരസ്ഥമാക്കിയിരുന്നു.
തുടർന്ന് 2006ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിക്കവെ പരാജയപ്പെട്ടു. അന്ന് കോണ്‍ഗ്രസിലെ ടി.ശരത്ചന്ദ്രപ്രസാദ് റിബൽ സ്ഥാനാർത്ഥിയായിരുന്നതാണ് പരാജയകാരണമായത്. പിന്നീട് ലീഡർ കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് ചുവട് മാറ്റി. തിരികെ കോണ്‍ഗ്രസിൽ എത്തിയെങ്കിലും വേണ്ട പ്രാതിനിധ്യം ലഭിക്കാതെയായതോടെ കെപിസിസി നിർവ്വഹിക സമിതി അംഗമായിരുന്ന ശോഭന 2016ൽ കോണ്‍ഗ്രസിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.
തുടർന്ന് മിഷൻ ചെങ്ങന്നൂർ എന്ന സാംസ്കാരിക സംഘടയ്ക്ക് അവർ രൂപം നൽകി. അതിലൂടെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ നിർമ്മിച്ച് ഗിന്നസ് റിക്കാർഡ് നേട്ടം കൈവരിച്ചു.2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വലിയ പരാജയം ഏൽക്കേണ്ടിവന്നു.
3966 വോട്ടുകളാണ് മത്സരത്തിൽ ശോഭനാജോർജിന് ലഭിച്ചത്. ഇതിനുശേഷം പൊതുപ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങി നിന്ന ശോഭനാ ജോർജ്ജ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റ സൂചനയോടെ വാർത്തകളിൽ ഇടംനേടുകയാണ് വീണ്ടും.
ശോഭനജോർജ് ചർച്ചകൾ നടന്നുവെന്ന് സാക്ഷ്യപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറായില്ല. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒൗദ്യോഗികമായി കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.