ബിഗ് ബോസിലൂടെ പ്രശസ്തയായ നിഹിത ബിസ്വാസിനെ പലർക്കും അറിയാമായിരിക്കും. അതിനേക്കാളേറെ നിഹിതയെ ലോകം അറിഞ്ഞത് ചാൾസ് ശോഭരാജിന്റെ പ്രതിശ്രുത വധുവെന്ന നിലയിലാണ്. ജയിലിൽ വച്ച് ഇരുവരും മോതിരം കൈമാറിയെന്നാണ് നിഹിത പറയുന്നത്.
എന്നാൽ, അത് തെറ്റായ വാർത്തയാണെന്നും ജയിലിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജയിൽ അധികൃതർ പറയുന്നു.എന്തു തന്നെയായാലും 2008ലാണ് പലരെയും ഞെട്ടിക്കുകയും നെറ്റിചുളിപ്പിക്കുകയും ചെയ്ത വാർത്തയിലൂടെ ശോഭരാജ് വാർത്തകളിൽ വീണ്ടും നിറഞ്ഞത്.
“അറുപത്തിനാലാം വയസിൽ ശോഭരാജ് വീണ്ടും വിവാഹിതനാകുന്നു. തന്നേക്കാൾ 44 വയസിന് ഇളപ്പമുള്ള നിഹിത ബിസ്വാസാണ് വധു.’
ലൗ അറ്റ് ഫസ്റ്റ് സൈറ്റ്
കാഠ്മണ്ഡു സെൻട്രൽ ജയിലിൽ വച്ചാണ് നിഹിത ശോഭരാജിനെ കണ്ടത്. ശോഭരാജിന്റെ ഫ്രഞ്ച് അഭിഭാഷകന് ഒരു ഇന്റർപ്രട്ടറെ ആവശ്യമായിരുന്നു. ആ ഒഴിവിലേക്കാണ് നിഹിത എത്തിയത്.ശോഭരാജിന്റെ സൗന്ദര്യത്തിലും വശ്യമായ ചിരിയിലും നിഹിത ആകൃഷ്ടയായിരിക്കാം.
അല്ലെങ്കിൽ ഒരുപക്ഷേ അയാളുടെ വ്യക്തിത്വവും പെരുമാറ്റവുമാകാം ആ പത്തൊൻപതുകാരിയെ പ്രണയാർദ്രയാക്കിയത്. എന്തായാലും ഒന്നുറപ്പാണ്, ആദ്യ കാഴ്ചയിൽ തന്നെ ശോഭരാജ് നിഹിതയെ പ്രണയിച്ചു തുടങ്ങിയിരുന്നു. ഇക്കാര്യം ശോഭരാജ് തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
അങ്ങനെ ജയിലിലെ തിരക്കും ബഹളവും നിറഞ്ഞ സന്ദർശക മുറിയിലിരുന്ന്, ഒരു വാക്കുപോലും പരസ്പരം പറയാതെ അവർ പ്രണയത്തിലേക്കു വീണു. ശോഭരാജ് ചെയ്ത കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമൊന്നും അവളുടെയുള്ളിൾ ആളിക്കത്തിയ പ്രണയത്തെ കെടുത്തിയില്ല.
നിശബ്ദമായി എങ്ങനെ പ്രണയിക്കും എന്ന് ചോദിച്ചാൽ നിഹിത പറയും “അതു വളരെ സിംപിളാണ്. ആ ആഴമേറിയ കണ്ണുകളിലേക്കു നോക്കിയിരുന്നാൽ അദ്ദേഹത്തിന്റെ ഉള്ളു പറയുന്നത് എനിക്ക് വായിച്ചെടുക്കാൻ സാധിക്കും’.
ശോഭരാജ് എന്ന കാമുകൻ
ശോഭരാജിനെക്കുറിച്ച് സംസാരിക്കുന്പോൾ നിഹിതയ്ക്കു നൂറുനാവാണ്. അയാളെക്കുറിച്ചു മോശമായി എന്തെങ്കിലും ആരെങ്കിലും സംസാരിച്ചാൽ അത് അവൾക്കു സഹിക്കാനാവില്ല.”പ്രായവും പ്രണയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.
പ്രായം കൂടിയാലും കുറഞ്ഞാലും പ്രണയത്തിൽ മാറ്റം വരുന്നില്ലല്ലോ. ആദ്യ കാഴ്ചയിൽതന്നെ അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക അടുപ്പമുണ്ടെന്നു ഞാൻ മനസിലാക്കി. വീണ്ടും വീണ്ടും കാണാൻ അവസരമൊരുക്കുന്നതിനായി അദ്ദേഹം എനിക്കു പുതിയ അസൈൻമെന്റുകൾ നൽകിക്കൊണ്ടേയിരുന്നു.
ചിലപ്പോൾ ജയിലിലേക്ക് എത്തിക്കേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ് തന്നയയ്ക്കും. അതുമായാകും അടുത്ത പ്രാവശ്യം പോകുന്നത്.’ ശോഭരാജിനെക്കുറിച്ചു പറയുന്പോഴെല്ലാം നിഹിത ഒരു ചുവന്ന പനിനീർപൂ എന്നപോലെ തുടുത്തു.
” ചാൾസ് ശോഭരാജ് എന്ന വ്യക്തി ആരായിരുന്നു എന്നത് എന്നെ ബാധിക്കുന്നതേയില്ല.
അദ്ദേഹം ഇപ്പോൾ ആരാണ്, എന്താണ് എന്നതാണ് പ്രധാനം. ഇത്രയും നല്ലൊരു വ്യക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടേയില്ല!’ നിഹിത പറയുന്നു.ഇതിനിടെ മതിയായ തെളിവുകളില്ലാതിരുന്നിട്ടും ശോഭരാജിനെ ജീവപര്യന്തം തടവിനു വിധിച്ച കോടതി നടപടിയെ ചോദ്യം ചെയ്തു നിഹിതയും അമ്മയും അഭിഭാഷകയുമായ ശകുന്തള താപ്പയും രംഗത്തെത്തിയിരുന്നു.
വളരെ മോശമായ ഭാഷയിൽ സുപ്രീം കോടതിയെ വിമർശിച്ച ഇരുവർക്കും തക്കതായ താക്കീതു നൽകിയ കോടതി അവരെ ഒരു ദിവസത്തേക്കു ജയിലിലേക്ക് അയച്ചു. നിഹിതയോട് അവർ ശോഭരാജിന്റെ ഭാര്യയാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അടുത്ത ദിവസം തെറ്റ് ഏറ്റുപറഞ്ഞു ക്ഷമാപണം നടത്തിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്.
ഫ്രം പാരീസ് വിത്ത് ലൗ
“മോതിരം കൈമാറിയെങ്കിലും ഞാൻ അതു ധരിക്കാറില്ല. സാധാരണ അളവിലുള്ള മോതിരം എനിക്ക് പാകമാകില്ല. ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം ഞാൻ പാരീസിലേക്കു പോകും. നിഹിതയ്ക്കുള്ള വിവാഹമോതിരം വാങ്ങാൻ. അവിടെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച മോതിരം തന്നെ ഞാൻ അവൾക്കായി വാങ്ങും.’
ഒരു അഭിമുഖത്തിൽ ശോഭരാജ് പറഞ്ഞു. ജയിലിൽനിന്നു പുറത്തിറങ്ങിയാലുടൻ വിവാഹമുണ്ടാകുമെന്നും അന്ന് ഈ കൊടുംകുറ്റവാളി പറഞ്ഞിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഒരു പുസ്തകത്തിലൂടെ ലോകത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ശോഭരാജും നിഹിതയും ഇപ്പോൾ. ഇരുവരും ചേർന്നാകും പുസ്തകം എഴുതുന്നത്.
മിസ് ലിയോ
(അവസാനിച്ചു)