ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വിറളിപിടിച്ച സിപിഎം ഗുണ്ടകൾ പോലീസ് സംരക്ഷണയിൽ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രൻ.
ബിജെപി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് കുമാരപുരത്തുവച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുകയും ഇരകൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഃഖിക്കേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സുമേഷിനെയും രാജിയെയും കൈയേറ്റം ചെയ്യുകയും വീടും ഉപജീവനമാർഗമായ വാഹനവും അടിച്ചുതകർക്കുകയും ചെയ്ത സിപിഎം – ഡിവൈഎഫ്ഐ അക്രമികളെ സംരക്ഷിക്കാതെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസ് ശ്രമിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യപ്രഭാഷണം നടത്തി ബിജെപി ദക്ഷിണ മേഖല അധ്യക്ഷൻ കെ. സോമൻ മുന്നറിയിപ്പ് നൽകി. ബിജെപി സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ബിജെപി ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് ജെ. ദിലീപ് കുമാർ, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം. മഹേഷ്കുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ മഠത്തിൽ ബിജു, പാലമുറ്റത്ത് വിജയകുമാർ, ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.