സ്വന്തം ലേഖകൻ
ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടി യുവതിയുടെ ഭർത്താവ് രാജുവിനെയും കഴുത്തിൽ കയറിട്ട് മുറുക്കി കത്തിച്ച് കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ആദ്യ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തിയത് ഇരിട്ടിയിൽ കൊല്ലപ്പെട്ട ശോഭയും കൊലക്കേസിൽ അറസ്റ്റിലായ മഞ്ജുനാഥും ചേർന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആദ്യ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തി മഞ്ജുനാഥിനെ സ്വന്തമാക്കാൻ ശോഭയുടെ ബുദ്ധിയിലാണ് കൊലപാതകമെന്നാണ് മഞ്ജുനാഥിന്റെ മൊഴി.
ശോഭയുടെ മക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ലങ്കിലും കൊലപെടുത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. മക്കളെ കണ്ടെത്താൻ ബംഗളൂരുവിൽ പോലീസ് കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടി. കുട്ടികളുടെ ഫോട്ടോ ബംഗളരുവിൽ നൽകി. ശോഭയെ കൊലപെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് രാജുവിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയുമായി കേസന്വേഷിക്കുന്ന പേരാവൂർ സിഐ സുനിൽകുമാറിന്റെയും ഇരിട്ടി എസ്ഐ ട്രെയിനി അൻഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ചെത്തും.
മഞ്ജുനാഥ് കാണിച്ച് കൊടുത്തത് പ്രകാരം വനാതിർത്തിയിലെ മഴക്കുഴിയിൽ നിന്നുമാണ് കൊല്ലപ്പെട്ട രാജുവിന്റെ അസ്ഥികൾ അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് ഡിഎൻഎ പരിശോധനക്ക് അയക്കും. മലയാളം നന്നായി അറിയാവുന്ന രാജു തുംകൂർ സ്വദേശിയായിരുന്നു. ശോഭയുടെ മഞ്ജുനാഥുമായുള്ള വഴിവിട്ട ബന്ധത്തെ രാജു എതിർത്തിരുന്നു. ഇതേ തുടർന്ന് ആറ് മാസം മുന്പ് രാജുവിനെ കൊലപെടുത്താൻ ശോഭയും മഞ്ജുനാഥും ചേർന്ന് പദ്ധതി തയാറാക്കുകയും മഞ്ജുനാഥിന്റെ സ്വന്തം ഓട്ടോ റിക്ഷയിൽ കയറ്റി രാജുവിനെ കൊണ്ടുപോയി വനാതിർത്തിയിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം മഴക്കുഴിയിൽ ഇട്ടതിന് ശേഷം ഡീസൽ ഒഴിച്ച് കത്തിച്ച് ഇരുവരും സ്ഥലം വിടുകയായിരുന്നു.
കഴിഞ്ഞ മാസം 15നാണ് ഇരിട്ടി പഴയ പാലത്ത് കർണാടക മാണ്ഡ്യ സ്വദേശിനിയായ നാടോടി യുവതി ശോഭയെ (25) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശോഭയുടെ അമ്മയുടെ സഹോദരി ഭർത്താവും കാമുകനുമായ മഞ്ജുനാഥ് കഴുത്ത്് ഞെരിച്ച് ബോധം കെടുത്തിയ ശേഷം പൊട്ടകിണറ്റിലിടുകയായിരുന്നു. ശോഭയുടെ കൊലപാതകം നടന്ന കഴിഞ്ഞ മാസം 15ന് രാവിലെ പ്രതി മഞ്ജുനാഥ് ശോഭയുടെ ആറ് വയസുള്ള മകൻ ആര്യനെയും, നാല് വയസുള്ള മകൾ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ഈ കുട്ടികളെ താൻ കർണാടകയിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
കർണാടകയിൽ ഉള്ള പ്രതിയുടെ ഭാര്യയും മക്കളും മഞ്ജുനാഥും കൊല്ലപ്പെട്ട ശോഭയും തമ്മിലുള്ള അവിഹിത ബന്ധത്തെ എതിർത്തിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം വയനാട്ടിലെ മാനന്തവാടിയിലുൾപ്പെടെ ലോഡ്ജിൽ മുറിയെടുത്ത് മഞ്ജുനാഥും ശോഭയും കഴിഞ്ഞിരുന്നു. പകൽ സമയത്ത് അവിടെയും ശോഭ ഭിക്ഷാടനമാണ് നടത്തിയിരുന്നത്. ഈ പ്രദേശങ്ങളിലും പോലീസ് മഞ്ജുനാഥിനെ തെളിവെടുപ്പിന് കൊണ്ടുപോകും. രാജു തുംകൂറിൽ കർട്ടൻതൊഴിലാളിയാണ്. രാജുവിനെ കാണാതായത് സംബന്ധിച്ച് കർണാടക പോലീസ് അന്വേഷണം നടത്തി വരവെയാണ് കേരള പോലീസ് കേസ് തെളിയിച്ചത്. രാജുവിന്റെ കൊലപാതകത്തിന്റെ തുടരന്വേഷണം ഇനി കർണാടക പോലീസാവും നടത്തുക.