കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പ്രത്യക്ഷയുദ്ധത്തിലേക്ക്.
പാര്‍ട്ടിയില്‍ ഇതുവരെ വലിയ അവഗണന നേരിട്ടിട്ടും മൗനം തുടര്‍ന്ന ശോഭ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതൃത്വത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
കെ. സുരേന്ദ്രനെ ശക്തമായി ഭാഷയില്‍ വിമര്‍ശിച്ചു കോഴിക്കോട്ട് സംസാരിച്ച ശോഭ തുടര്‍ന്നും ഇതേ രീതിയില്‍തന്നെ മുന്നോട്ടുപോകുമെന്ന സുചനയാണുള്ളത്.
പാര്‍ട്ടി പരിപാടികളില്‍നിന്നും അകന്നുനിന്ന ശോഭ ഇന്നലെ സമരവേദിയില്‍ എത്തി. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ സമരമുഖത്തുള്ള ഹര്‍ഷിനയുടെ സമരപ്പന്തലിലാണ് ശോഭ എത്തിയത്.
ശോഭയ്ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്. കേന്ദ്രനേതൃത്വം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുമെന്ന സൂചനയുണ്ടായിരുന്നതിനാലാണ് ശോഭ ഇതുവരെ മിണ്ടാതിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പുവരെ സുരേന്ദ്രന് തുടരുമെന്നാണു നിലവിലെ സൂചന. ഇതോടെയാണ് ഈ രീതിയില്‍ മുന്നോട്ടുപേകാനാകില്ലെന്ന സൂചന പരസ്യമായി ശോഭ നൽകിയിരിക്കുന്നത്.
പാര്‍ട്ടി ഒറ്റയാള്‍ പട്ടാളമല്ലെന്ന ശോഭയുടെ പ്രസ്താവന ഇതിനകം പാര്‍ട്ടി അണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവചര്‍ച്ചയായി കഴിഞ്ഞു.