ആലപ്പുഴ: തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നു. ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ടിടപെട്ട ദിവസമാണ് പത്രസമ്മേളനത്തിനിടെ ശോഭാ സുരേന്ദ്രന്റെ പൊട്ടിക്കരച്ചിൽ
മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പു ചുമതലയില്‍നിന്നു പന്തളം പ്രതാപനെ മാറ്റിയെന്നു ശോഭാ സുരേന്ദ്രന് സ്ഥിരീകരിച്ചു. എന്നാല്‍, പരാതിയെത്തുടര്ന്നല്ല ചുമതലമാറ്റമെന്നാണ് ശോഭയുടെ പ്രതികരണം.
തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ബിജെപിയുടെ പ്രചാരണം സജീവമല്ലെന്ന വാര്‍ത്തകളോടു പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന് വികാരാധീനയായി പ്രതികരിച്ചത്. ഇതിനെത്തുടര്‍ന്നാണു പന്തളം പ്രതാപനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഞാനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ആലപ്പുഴയില്‍ ത്രികോണ മത്സരത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത്. സ്ത്രീയെന്ന നിലയില്‍ ഇത്ര വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്ന എന്നെ ഇത്രയും നാണംകെട്ട രീതിയില്‍ അപമാനിക്കരുത്…’ ഇത്രയും പറഞ്ഞതോടെയാണ് ശോഭയുടെ ദുഃഖം അണപൊട്ടിയതും കണ്ണീര് തൂവിയതും.
തന്നെ തോല്പ്പിക്കാനായി ഒരു ചാനല്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അതിന്റെ മുതലാളി നേരിട്ടാണു തനിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
തെരഞ്ഞെടുപ്പിനുവേണ്ട പണം തരാമെന്നുപറഞ്ഞു കരിമണല്‍ കര്‍ത്തയുടെ ഏജന്റ് തന്നെ കാണാന്‍ വന്നിരുന്നു. ഈ കരിമണല്‍ കര്‍ത്തയും കെസി വേണുഗോപാലും ഞാന്‍ പറഞ്ഞ ചാനല്‍ മുതലാളിയും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നും ആലപ്പുഴയില്‍ താന്‍ ജയിക്കുമെന്നു ബോധ്യപ്പെട്ടപ്പോള്‍, തന്നെ തകര്‍ക്കാന്‍ കെ.സി. വേണുഗോപാലിനും കരിമണല്‍ കര്ത്തയ്ക്കുംവേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരമിരിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രന് തുറന്നടിച്ചു. തനിക്കെതിരേ നല്കിയ വാര്‍ത്ത അടിയന്തരമായി പിന്‍വലിക്കണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ നേതൃത്വത്തിനെതിരേ പരാതി നല്‍കിയെന്ന വ്യാജവാര്‍ത്തയിലൂടെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ശോഭ സുരേന്ദ്രന് ആരോപിച്ചു. തന്നെ കാണാന്‍ വന്ന മുതലാളിയുടെ പേരും ഏതു കാറിലാണ്, എത്ര മണിക്കാണു വന്നതെന്നും അടുത്ത വാര്‍ത്താസമ്മേളനത്തില്‍ പറയിക്കരുതെന്നും ശോഭ പറഞ്ഞു.