അന്പലപ്പുഴ: സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വക ഭൂമിയിൽ ബിജെപി സ്ഥാനാർഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് വിവാദമാകുന്നു. കാക്കാഴം റെയിൽവേ മേൽപാലത്തിനു സമീപം നിർമാണത്തിലിരിക്കുന്ന 105-ാം നമ്പർ സഹകരണ ബാങ്കിനോട് ചേർന്നാണ് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്.
ഏതാനം മാസങ്ങൾക്ക് മുമ്പ് പരസ്യകമ്പനി സ്ഥാപിച്ച ഇരിമ്പിൽ തീർത്ത ടവറിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരോ പാർട്ടി പ്രവർത്തകർക്കിടയിൽനിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. അതേസമയം, ഇത്തരം ബോർഡ് സഹകരണബാങ്കിൽ സ്ഥാപിച്ചത് തങ്ങളറിഞ്ഞിട്ടില്ലന്നാണ് സംഘം ഭരണസമിതിയിലെ ചിലർ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നത്.
ഇവിടെ ഇടതുപക്ഷ സ്ഥാനാർഥി എ.എം. ആരിഫിന്റെ ബോർഡ് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർ ബിജെപി സ്ഥാനാർഥിയുടെ ബോർഡ് ഉയർന്നതോടെ സിപിഎമ്മിൽ വൻ കലാപക്കൊടിയാണ് ഉയർന്നിരിക്കുന്നത്. സിപിഎം -ബിജെപി അന്തർധാരയാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ സിപിഎമ്മിൽ ഇതേച്ചൊല്ലി വൻകലാപവും ചേരി പോരും രൂക്ഷമാകും.
ബാങ്കിന്റെ പ്രവർത്തി തെറ്റായ സന്ദേശം നൽകുമെന്നാണ് അമ്പലപ്പുഴയിലെ തന്നെ ചില പ്രാദേശിക നേതാക്കൾ പറയുന്നത്. പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന സഹരണ ബാങ്കാണിത്. ഇതിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈ വിവാദവും ഉയരുന്നത്.