ജനം ടിവിയില്‍ പറയുന്നത് 25,000 രൂപയും പ്രശസ്തി പത്രവും കോടതി ശോഭാ സുരേന്ദ്രന് കൊടുത്തു എന്നാണല്ലോ! ഹൈക്കോടതിയുടെ വിമര്‍ശനവും പിഴയും ലഭിച്ച ശോഭാ സുരേന്ദ്രനെയും ജനം ടിവിയെയും ട്രോളി സോഷ്യല്‍മീഡിയ

ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ ട്രോളി സോഷ്യല്‍മീഡിയ.

ഇത്ര നാളത്തെയും മുതലും പലിശയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കിട്ടിയിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

വിലകുറഞ്ഞ പബ്ലിസിറ്റി ലാക്കാക്കി പൊതുതാല്‍പര്യഹര്‍ജി ദുരൂപയോഗിച്ചതിനു ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴടക്കാനും കോടതി വിധിച്ചിരുന്നു. ഇതുകൂടി വിഷയമാക്കിയാണ് പലരും ട്രോളുന്നത്.

”ഹൈക്കോടതിയിലേക്ക് നാമജപ ഘോഷയാത്രയുണ്ടോ ആവോ” എന്നാണ് ചിലരുടെ ട്രോള്‍.

”അപ്പോള്‍ അയ്യപ്പന് അങ്ങനെ പക്ഷഭേദം ഒന്നും ഇല്ലാലേ… എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്നുണ്ട്”- എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ശോഭാ സുരേന്ദ്രന്റെ വാര്‍ത്ത നല്‍കുന്ന ജനം ടിവിയേയും ചിലര്‍ ട്രോളുന്നുണ്ട്. ‘25000രൂപയും പ്രശസ്തിപത്രവും കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ..”എന്നാണ് ആ ട്രോള്‍. ഏതായാലും കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ വക തിരിച്ചടിയും കിട്ടുന്നുണ്ട് ശോഭാ സുരേന്ദ്രന്.

Related posts