മലയാളികളുടെ എക്കാലത്തെയും പ്രിയനടിമാരില്‍ ഒരാളാണ് ശോഭന. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളും കൂടിയായ ശോഭന അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ശോഭന ഒരു കാലത്ത് മിന്നിത്തിളങ്ങി.
ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലേത്.
മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്. തുളസി എന്നായിരുന്നു യാത്രയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര്.
ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നു പറഞ്ഞിരുന്നു.
ഇതേകുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിരുന്നു.
ജോണ്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം മധുമതിയിലെ വൈജയന്തി മാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു.
കാടിന്റെ ഓരത്തുള്ള നാട്ടിന് പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.
വിരിഞ്ഞ ശരീര പ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു.
അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു.
അവള് കാടിന്റെ പരിസരത്തെ പെണ്‍കുട്ടിയാണല്ലോ. മധുമതിയിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സില്‍ കിടപ്പുമുണ്ട്.
പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. പക്ഷേ പില്ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. ”ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു”. ശോഭന പറഞ്ഞെന്ന് ജോണ്‍ പോള്‍ വ്യക്തമാക്കുന്നു.