മലയാളക്കര ഒന്നാകെ മനസിലേറ്റിയ നടിയും നര്‍ത്തകയുമാണ് ശോഭന. എല്ലാക്കാര്യത്തിലും തികഞ്ഞ പക്വത ഉള്ള വ്യക്തിത്വം. മലയാള സിനിമാലോകത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ശോഭനയെപ്പോലുള്ളവര്‍ പ്രതികരിക്കാത്തതില്‍ മലയാളികള്‍ ആകുലരായിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന പ്രതികരിച്ചിരിക്കുന്നു. ദിലീപിനെ പരിചയപ്പെടുന്നത് 1997 ല്‍ ‘കളിയൂഞ്ഞാല്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണെന്ന് ശോഭന പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ‘അന്ന് ലൊക്കേഷനില്‍ തമാശയും മിമിക്രിയുമായി എല്ലാവരോടും സൗമ്യനായി ഇടപെടുന്ന ഒരാളായിരുന്നു ദിലീപ്. അതുകൊണ്ടുതന്നെ ദിലീപായിരുന്നു ഷൂട്ടിംഗ് സെറ്റിലെ താരം.
അന്ന് ദിലീപിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. ഇപ്പോള്‍ വര്‍ഷങ്ങളായി ദിലീപുമായി സഹകരണമില്ല. ഓരോരുത്തരും അവരവരുടെ തിരക്കുകളുടെ ലോകത്തേക്ക് പോയപ്പോള്‍ സിനിമയിലെ പഴയ സൗഹൃദങ്ങള്‍ ഇല്ലാതായി.’ ശോഭന പറയുന്നു. ‘നടിയുടെ സംഭവം അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. ആദ്യം വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല, കാരണം മലയാള സിനിമാലോകം വലിപ്പച്ചെറുപ്പമില്ലാതെ ഒരു കുടുംബം പോലെയായിരുന്നു. നടിമാര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടായിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലെ പുതിയ രീതികളെ കുറിച്ച് വലിയ അറിവില്ല.’ ശോഭന പറയുന്നു. അതേസമയം നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ശോഭന തയാറായില്ല. എന്നാല്‍ കേരളാ പോലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്ന് ശോഭന പറഞ്ഞു. മലയാള സിനിമയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും പുരുഷാധിപത്യമുണ്ടെന്നും, പുരുഷന്റെ സംരക്ഷണമില്ലാതിരുന്നിട്ടും തനിക്കിതുവരെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും ശോഭന വ്യക്തമാക്കി.