പയ്യന്നൂർ: ഉദ്യോഗസ്ഥർ ഫയലിന് പുറത്ത് കയറിയിരുന്നാൽ പോരാ കണ്ണ് തുറന്നു ചുറ്റും നോക്കണമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്. ഖാദി ബോർഡും ഖാദി തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പയ്യന്നൂർ ഖാദി സെന്ററിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മാർക്കറ്റിംഗിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. 120 കോടി രൂപയുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ് പ്രളയ ദുരന്തവും വ്യാജ ഉത്പന്നങ്ങളുടെ വരവുമാണ് ഖാദി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരമാർഗങ്ങൾ നമ്മൾ നടപ്പാക്കി വരികയാണ്. 13,000 ത്തോളം തൊഴിലാളികൾ ഇന്ന് ഈ മേഖലയിലുണ്ട്.
തങ്ങളുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കമ്മീഷൻ വ്യവസ്ഥയിൽ തൊഴിലാളികൾ നേരിട്ട് വില്പന നടത്താൻ തയാറായാൽ ഓരോ കേന്ദ്രത്തിനും സ്വന്തം കാലിൽ നിൽക്കാനാകും. കോളജുകളിൽ ഖാദിയെപ്പറ്റി സെമിനാറുകൾ സംഘടിപ്പിക്കും. സിൽക്ക് നിർമാണ യൂണിറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കൂട്ടത്തിൽ ഓൺലൈൻ മാർക്കറ്റിംഗ്ആരംഭിക്കും.
ഇന്ത്യക്ക് പുറത്ത് ഷോറൂമുകൾ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. മാർക്കറ്റിംഗിൽ കുടുംബശ്രീകളെ സഹകരിപ്പിക്കന്നതിനായുള്ള ചർച്ചകളും നടക്കുന്നുണ്ട്. വിദ്യാർഥികളുടെ യൂണിഫോമുകൾക്കായിവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഖാദിയെടുക്കാമെന്ന് ധാരണയായതായും അവർ പറഞ്ഞു. വലിയ മാറ്റത്തിനാണ് ഖാദി ബോർഡ് തുടക്കംകുറിച്ചിരിക്കുന്നതെന്നും തൊഴിലാളികളുടെ ദുരിതപൂർണമായ അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ശോഭന ജോർജ് പറഞ്ഞു.