മിസ് ലിയോ
എണ്ണമറ്റ കൊടുംപാതകങ്ങൾ മടിയില്ലാതെ ചെയ്തുകൂട്ടിയവൻ, കൗശലക്കാരനായ ജയിൽച്ചാട്ടക്കാരൻ, ആഡംബരപ്രേമി, സന്പന്നൻ, ഉന്നതങ്ങളിൽ പിടിയുള്ളവൻ, മാധ്യമങ്ങളുടെ ഹരം… എന്നിങ്ങനെ മേലാപ്പുകൾ പലതു ലഭിച്ചതോടെ ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള കഥകൾക്കും നാട്ടിൽ പഞ്ഞമില്ലാതായി.
ശരിക്കും അന്താരാഷ്ട്ര കുറ്റവാളി എന്നു വിളിക്കാവുന്ന ആളായിരുന്നു ചാൾസ്. നിരവധി രാജ്യങ്ങളിൽ കൂസലെന്യേ അരങ്ങുവാണ അധോലോക നായകൻ.
ഇങ്ങനെയുള്ള പരിവേഷങ്ങളൊക്കെ കിട്ടിയതോടെ ശോഭരാജിനെ വീരപുരുഷനായി കാണുന്നവരുടെ എണ്ണവും കൂടി.
ത്രില്ലർ കഥകളിലെ ഈ നായകനെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുമുണ്ടായി! ഒടുവിൽ പിടിയിലായ ചാൾസ് ശോഭരാജ് ഇപ്പോഴുള്ളത് നേപ്പാളിലെ ചലുമഹൽ ജയിലിലാണ്.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ശോഭരാജ് ഇന്നും നിരവധി കേസുകളുടെ വിചാരണ നേരിടുകയാണ്.
കൂളായി നേപ്പാളിൽ
ഇന്ത്യയിൽനിന്നു പാരീസിലേക്കു പോയ ചാൾസ് ശോഭരാജിനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം ലോകത്തിനു ലഭിക്കുന്നത് 2003ലാണ്.
ലോകത്തെയാകെ വിറപ്പിച്ച ഒരു കൊലയാളി കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു ബാഗുമായി സാവധാനം നടന്നു നീങ്ങുന്നതു കണ്ടതു നേപ്പാളിലെ ഒരു മാധ്യമപ്രവർത്തകനാണ്.
ചാൾസ് ശോഭരാജിനെ തിരിച്ചറിഞ്ഞ ആ മാധ്യമപ്രവർത്തകൻ രണ്ടാഴ്ച ശോഭരാജിനെ പിന്തുടർന്നു. തുടർന്ന് അദ്ദേഹത്തിന്റെ പത്രത്തിൽ ഫോട്ടോ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെട്ടു.
വാർത്ത വായിച്ച പോലീസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. തങ്ങളുടെ മൂക്കിനു താഴെ ചാൾസ് വിഹരിച്ചിട്ടും തിരിച്ചറിയാൻ കഴിയാതിരുന്ന പോലീസ് പത്രവാർത്തയോടെ ഉണർന്നു. ശോഭരാജിനായി തെരച്ചിലാരംഭിച്ചു.
ചാൾസ് പിടിയിൽ
ഒടുവിൽ യാക് ആൻഡ് യെതി എന്ന ഹോട്ടലിലെ കസിനോയിൽ നടത്തിയ റെയ്ഡിൽ അയാളെ കണ്ടെത്തി.
പോലീസ് കസിനോയിൽ എത്തുന്പോൾ ചൂതാട്ടത്തിൽ മുഴുകിയിരിക്കുകയായിരുന്നു ചാൾസ് ശോഭരാജ്. അങ്ങനെ അയാൾ വീണ്ടും അഴിക്കുള്ളിലായി.
റിപ്പോർട്ടുകൾ പ്രകാരം മിനറൽ വാട്ടർ ബിസിനസ് ആരംഭിക്കാനായാണ് ശോഭരാജ് നേപ്പാളിൽ എത്തിയത്.
1975ൽ നേപ്പാളിൽ നടന്ന ഇരട്ടക്കൊലപാതകം പോലീസ് പുനരന്വേഷിക്കുകയും ശോഭരാജിനു ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
ശോഭരാജിനെതിരേ കോടതിയിൽ നിരത്തിയ തെളിവുകളിൽ ഭൂരിഭാഗവും ശേഖരിച്ചതു ഡച്ച് നയതന്ത്രജ്ഞനായ നിപ്പൻബർഗും ഇന്റർപോളുമാണ്.
ശോഭരാജിനെ വിട്ടുകിട്ടാനായി നേപ്പാളുമായി മധ്യസ്ഥചർച്ചയ്ക്കു തയാറാകണമെന്ന ആവശ്യവുമായി 2007ൽ ശോഭരാജിന്റെ അഭിഭാഷകൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയ്ക്ക് അപേക്ഷ നൽകിയതായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
വഞ്ചകൻ… ബിക്കിനി കില്ലർ
ദി സർപ്പെന്റ്, ബിക്കിനി കില്ലർ തുടങ്ങി നിരവധി ഇരട്ടപ്പേരുകളാണ് ശോഭരാജിനുണ്ടായിരുന്നത്.
സൗഹൃദം നടിച്ചും വിശ്വാസ്യത നേടിയെടുത്തും ഇരകളെ ചതിയിൽപ്പെടുത്തുന്നതിനാലാണ് സർപ്പെന്റ് എന്ന പേരു വീണത്.
ശോഭരാജ് കൊലപ്പെടുത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി ധരിച്ചിരിക്കുന്ന നിലയിൽ കാണപ്പെടുന്നതിനാൽ ബിക്കിനി കില്ലർ എന്ന പേരും കിട്ടി.
വ്യക്തിത്വവും സൗന്ദര്യവുംകൊണ്ട് എല്ലാവരെയും സ്വാധീനിക്കുകയും വശത്താക്കുകയും ചെയ്തിരുന്ന ശോഭരാജിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങളും ഡോക്യുമെന്ററികളും പല ഭാഷകളിലായി പുറത്തിറങ്ങി.
ശോഭരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ബിബിസി സംപ്രേഷണം ചെയ്ത ദി സെർപന്റ് പ്രേക്ഷക ശ്രദ്ധ നേടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.
എട്ടു ഭാഗങ്ങളിലായി ഒരുങ്ങിയ സെർപന്റിൽ താഹർ റഹീമാണ് ശോഭരാജായി എത്തിയത്. മേരി ആൻഡ്രി ലെക്ലർക്കിനെ അവതരിപ്പിച്ചത് ജെന്ന കോൾമാനാണ്.