അച്ഛൻ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത് കാരണം മകനായ എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഞാനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. കിട്ടാതെ പോയ അവസരങ്ങൾ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റ പേരെഴുതി വച്ചിട്ടുണ്ടെന്ന് പറയും.
എനിക്ക് വന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ടതാണ്. എന്നിലേക്ക് വന്നില്ലെങ്കിൽ അത് ഞാൻ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് അച്ഛന്റെ തുറന്ന് പറച്ചിലുകളിലൂടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാറില്ല. ആരെയും കുറ്റം പറയുന്നില്ല.
അച്ഛൻ അച്ഛന്റെ രീതിയിലാണ് ജീവിച്ചത്. അതിൽ ഞാനൊരിക്കലും അച്ഛനോട് വിയോജിച്ചിട്ടില്ല. ഡബ്ബിംഗിലാണ് എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയത്. അച്ഛനും ചേട്ടനും സിനിമാ നടന്മാരായതിനാൽ എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്ന് ആളുകൾ വിചാരിക്കുന്നുണ്ട്.
അത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാഭാവികമായും അങ്ങനെ തോന്നും. എന്നാൽ അതൊരു ബാധ്യതയാണ്. സാധാരണ ഒരാളാണെങ്കിൽ ആരുടെയടുത്തെങ്കിലും പോയി എനിക്ക് അവസരം തരണം സർ എന്ന് പറയാം.
പക്ഷെ എന്റെ പേരിന്റെ കൂടെ തിലകൻ എന്ന പേരുള്ളത് കൊണ്ട് എനിക്കങ്ങനെ പോയി ചോദിക്കാൻ പറ്റില്ല. അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല ഞാൻ. -ഷോബി തിലകൻ