ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്റെ വരാന്തയിലെ ഗ്രില്‍സിലേക്ക് വൈദ്യുതി കടത്തി വിട്ട് ഇരിട്ടിയിലെ വ്യാപാരിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനേയും കുടുംബത്തേയും അപായപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രേഖ ചിത്രവും ഫലം കണ്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിടത്ത് തന്നെ.
പയഞ്ചേരിയിലെ പി.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിന്റെ ഗ്രില്സിലേക്കാണ് കഴിഞ്ഞ ഫെബ്രുവരി 7ന് പുലര്‍ച്ചെ വൈദ്യുതി കടത്തി വിട്ട് കുടുംബത്തെ അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട പോലീസും വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥരും രണ്ട് ദിവസങ്ങളിലായി മൂന്ന് നാല് തവണ പ്രദേശത്ത് എത്തി തെളിവെടുത്തിരുന്നു.
ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. വൈദ്യുതി ലൈനില്‍ ഘടിപ്പിക്കാന്‍ കണക്ടര് വാങ്ങിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം തയാറാക്കിയെങ്കിലും ഫലം കണ്ടില്ല. അബുള്ളക്കുട്ടിയുടെ വീട്ടിലെ കണക്ഷനില്‍ നിന്നും വൈദ്യുതി എടുക്കാതെ വീടിന് സമീപത്ത്കൂടി പോകുന്ന മെയിൻ ലൈനില്‍ നിന്നും വൈദ്യുതി എടുത്തത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് നിഗമനം .
വൈദ്യുതി എത്തിയെന്ന് ഉറപ്പു വരുത്തുന്ന രീതിയില്‍ ഗ്രില്‍സുമായി കേബിള്‍ ബന്ധിപ്പിച്ചശേഷം മെയിൻ ലൈനില്‍ ബന്ധിപ്പിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ഉപയോഗിക്കുന്ന സര്‍വീസ് വയറാണ് ഉപയോഗിച്ചിരുന്നത്. ഈ വയറുകള്‍ അബ്ദുള്ളക്കുട്ടിയുടെ വീടിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
രാവിലെ ഗ്രില്‍സ് തുറന്ന അബ്ദുള്ളകുട്ടിക്ക് ഷോക്കേറ്റതോടെയാണ് അപകടം മനസിലാക്കിയത്. സംഭവത്തിലെ ദുരൂഹത പോലീസിനേയും കുഴക്കുന്നുണ്ട്. അബുള്ളക്കുട്ടിയുമായി രാഷ്ട്രീയമായോ മറ്റോ ശത്രുതയോ മുന്‍വൈരാഗ്യമോ ആര്‍ക്കും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്. എന്ത് തന്നെയായാലും പോലീസ് പ്രതിയെ ഇരുട്ടില്‍ തപ്പുകയാണ്.