തിരുവനന്തപുരം: വൈദ്യുത ഷോക്കേറ്റ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പോലീസ് ട്രെയിനിംഗ് കോളജിലെ എഎസ്ഐ. ഹർഷകുമാർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 -ഓടെ ഇദ്ദേഹത്തിന്റെ വെഞ്ഞാറമൂട് ആലിയാട്ടുള്ള വസതിയിൽ വച്ചായിരുന്നു ഷോക്കേറ്റത്. വീട്ടിലെ കോഴിക്കൂടിൽ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
കോഴി മോഷണം ചെറുക്കാൻ വൈദ്യുത ഷോക്ക് കോഴിക്കൂട്ടിൽ കൊടുത്തിരുന്നു. രാവിലെ ഇദ്ദേഹത്തിന്ററെ ഭാര്യ കോഴിക്കൂട് തുറന്നപ്പോൾ ഷോക്കേറ്റിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് കോഴിക്കൂട്ടിൽ നിന്നും ഹർഷകുമാറിനും ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
ഹർഷകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നിലയും ഗുരുതരമാണ്. അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഹർഷകുമാറിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചിരുന്നു.
വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ട് പോകും.