കൊച്ചി: കലുങ്ക് നിർമാണത്തിന്റെ പൈലിംഗ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി ഭൂഗർഭ കേബിളിൽനിന്നു ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കുന്ന വിദഗ്ധ സമിതി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചേക്കും. തമിഴ്നാട് രാമനാദപുരം പരമക്കുടി സ്വദേശി മുത്തുലാണ്ടി (21) മരിച്ച സംഭവത്തിലാണ് ഷോക്കേറ്റ് മരിച്ചത്. വൈറ്റില ചക്കരപ്പറന്പ് ഭാഗത്ത് ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു സംഭവം.
അപകടത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറാണ് രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, സീനിയർ ടൗണ് പ്ലാനർ എന്നിവരാണു സമിതിയിലെ അംഗങ്ങൾ. സമിതി രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കലുങ്കിന്റെ വീതികൂട്ടാനുള്ള പണികളുടെ ഭാഗമായുള്ള പൈലിംഗ് നടത്തുന്നതിനിടെയാണ് ഭൂഗർഭ 11 കെവി ലൈനിൽനിന്ന് തൊഴിലാളികൾക്ക് ഷോക്കേറ്റത്. രണ്ടാഴ്ചയായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഡ്രെഡ്ജിംഗിനുശേഷം കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ച് കുഴികളുടെ ആഴം കൂട്ടുന്ന ജോലികൾ ചെയ്യുന്നതിനിടെയാണ് മൂന്നുപേർക്കും ഷോക്കേറ്റത്.
കുഴിയുടെ ആഴം കൂട്ടുന്നതിനിടെ 11 കെവി ലൈനുമായി കൂട്ടിമുട്ടിയ ഇരുന്പ് നിർമിത യന്ത്രത്തിന്റെ തിരിക്കുന്ന ഭാഗത്ത് പിടിച്ചിരുന്ന മുത്തുലാണ്ടി ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്നയുടനെ സമീപവാസികൾ ഓടിയെത്തി ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുത്തുലാണ്ടി വഴിമധ്യേ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേരുടെ പരിക്കുകൾ നിസാരമായിരുന്നതിനാൽ ഇരുവരെയും ആശുപത്രി ഒപിയിലെ പരിശോധനകൾക്കുശേഷം തിരിച്ചയച്ചു. മുത്തുലാണ്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോയി.