കൂത്തുപറമ്പ്: പാട്യം കൊങ്ങാറ്റയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച മകനും പരിക്കേറ്റു. കോങ്ങാറ്റയിലെ മിനി നിവാസിൽ മലപ്പിലായി മുകുന്ദന്റെ ഭാര്യ പനയാട ലീല(60)യാണു മരിച്ചത്.
ഇന്നലെ രാവിലെ ആറേകാലോടെയായിരുന്നു സംഭവം. വീട്ടുപറമ്പിലെ മുരിക്കു മരത്തിന്റെ കൊമ്പ് വൈദ്യുത ലൈനിനു മുകളിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി പറമ്പിലേക്ക് വീഴുകയായിരുന്നു. ഇക്കാര്യമറിയാതെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ ലീലയ്ക്ക് ഷോക്കേറ്റു. നിലവിളികേട്ട് ഓടിയെത്തിയ മകൻ മിനീഷ്(39) ലീലയെ പിടിച്ചുമാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഷോക്കേറ്റു.
ഉടൻ ഓടിയെത്തിയ ലീലയുടെ ഭർത്താവ് മരവടിയെടുത്ത് മിനീഷിന്റെ ദേഹത്ത് അടിച്ച് വൈദ്യുതിബന്ധം വേർപെടുത്തി. ഷോക്കേറ്റ് പൊള്ളലേറ്റ മിനീഷിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കി. ഈസമയം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പൊട്ടിയ ലൈനിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
പിക്കപ്പ് വാൻ ഡ്രൈവറാണ് പരിക്കേറ്റ മിനീഷ്. മിനിതയാണ് ലീലയുടെ മകൾ. മരുമക്കൾ: ലിമ, പ്രഭാകരൻ (വ്യാപാരി, ചെന്നൈ). സഹോദരങ്ങൾ: ജനാർദനൻ, വിജയലക്ഷ്മി, ശകുന്തള. പരേതരായ കൃഷ്ണൻ- ദേവി ദമ്പതികളുടെ മകളാണ് മരിച്ച ലീല. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വിവരമറിഞ്ഞ് കെഎസ്ഇബി കൂത്തുപറമ്പ് സബ്ഡിവിഷണൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി. മഹിജ, തലശേരി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ശ്രീലകുമാരി, പാട്യം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി. ഷിബു തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
അതേസമയം, ലീല ഷോക്കേറ്റ് മരിക്കാനിടയായ സംഭവം വൈദ്യുത ബോർഡിന്റെ അനാസ്ഥയാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഏറെനാളായി ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയായിരുന്ന മുരിക്കിന്റെ ശാഖയാണ് വൈദ്യുത ലൈനിലേക്ക് പൊട്ടിവീണതെന്നും അപകടസാധ്യത കണക്കിലെടുത്ത് ഈ കൊമ്പ് മുറിച്ചുമാറ്റണമെന്ന് നേരത്തെ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു.