തൃശൂർ: നഗരത്തിലും പരിസരത്തും മരണം കൈയെത്തും ദൂരത്ത്. ഇത്തരം അപകടം ഒഴിവാക്കാൻ വൈദ്യുതി ലൈൻ ഭൂഗർഭ ലൈനാക്കി മാറ്റണമെന്ന നിർദ്ദേശം വൈദ്യുതി വകുപ്പ് കോർപറേഷൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ട് ആറു വർഷമായിട്ടും ഇതുവരെ അനങ്ങിയിട്ടില്ല.
പോസ്റ്റോഫീസ് റോഡിലെ കെട്ടിടത്തിൽ നിന്ന് ഫ്ളക്സ് അഴിച്ചു മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനിൽ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തിൽ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തുകൂടെയാണ് വൈദ്യുതി ലൈനുകൾ പോകുന്നത്.
ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്നു പോകുന്നത്. അടുത്തുകൂടെ ഇരുന്പോ മറ്റു വൈദ്യുതി ആകർഷിക്കുന്ന ലോഹങ്ങളോ കൊണ്ടുവന്നാൽ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് പല വൈദ്യുതി ലൈനുകൾക്കും ഉള്ളത്.
പ്രത്യേകിച്ച് പോസ്റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈൻ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തുകൂടെ കൈയെത്തും ദൂരത്താണു നിൽക്കുന്നത്. കെട്ടിടങ്ങളിൽ ഇത്തരത്തിൽ ഇരുന്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്ളക്സുകളുമൊക്കെ നിൽക്കുന്നത്.
കാറ്റത്ത് മറിഞ്ഞാൽ പോലും വൈദ്യുതി കന്പിയിൽ തട്ടി ഷോക്കേൽക്കുന്ന സാഹര്യമാണ്. കെട്ടിടം മുഴുവൻ വൈദ്യുതി പിടിച്ച് കത്താനും ഇത്തരം ലൈനുകൾ കാരണമായേക്കാമെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റോഡിന് വീതിയില്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ അപകടം. നഗരത്തിലെ പല റോഡുകളും വീതിയില്ലാത്തതും റോഡിനോട് ചേർന്നുമാണു കെട്ടിടങ്ങൾ നിൽക്കുന്നത്.
കെട്ടിടത്തിന്റെ വരാന്തയിൽ നിന്ന് കുട നീട്ടിയാൽ വരെ വൈദ്യുതി ലൈനിൽ തട്ടും. മഴക്കാലമായതോടെ വൻ അപകടങ്ങളാണ് ഇത്തരത്തിൽ ഒളിഞ്ഞു കിടക്കുന്നത്. പല സ്ഥലങ്ങളിലും വൻ ഫ്ളക്സുകളാണ് വൈദ്യുതി കന്പികളുടെ അടുത്ത് സ്ഥാപിച്ചിട്ടുള്ളത്.
പൈപ്പിടാൻ റോഡ് മുഴുവൻ കുഴിച്ചപ്പോൾ വൈദ്യുതി ലൈനും ഭൂഗർഭ ലൈനാക്കാൻ അവസരം കിട്ടിയതായിരുന്നു. നഗരത്തിലെ അപകടം മുന്നിൽ കണ്ട് ആറു വർഷം മുന്പു വൈദ്യുതി ലൈൻ വലിക്കുന്നതു ഭൂമിക്കടിയിലൂടെ ആക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കോർപറേഷൻ ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങൾ അണ്ടർഗ്രൗണ്ടിലാണെന്നു മാത്രം. ഇത്തരം ജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്ന നടപടികൾ കൗണ്സിൽ യോഗങ്ങളിൽ ചർച്ച ചെയ്യാനോ നടപ്പാക്കാനോ സമയം കണ്ടെത്താറില്ല.
തുടക്കത്തിൽ കോടികൾ മുടക്കേണ്ടി വരുമെങ്കിലും പിന്നീട് വർഷങ്ങളോളം മെയിന്റനൻസ് അടക്കം ഇല്ലാതാക്കാമെന്നതും വൻ സുരക്ഷയുമാണ് ഇതിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് ഗതാഗത തടസമുണ്ടാകുന്നതും ഒഴിവാക്കാനാകും.
തൃശൂർ: പോസ്റ്റോഫീസ് റോഡിൽ ഫ്ളെക്സ് ബോർഡ് അഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി കത്തിക്കരിഞ്ഞു മരിച്ചു. ഫ്ളെക്സ് ഉറപ്പിച്ചിരുന്ന ഇരുന്പുപാത്തി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇന്നുരാവിലെ പത്തേകാലോടെയായിരുന്നു നഗരത്തെ നടുക്കിയ ദാരുണ സംഭവം.
ഇരുന്പുപാത്തിയുടെ ഒരു ഭാഗം തൊഴിലാളിയുടെ കയ്യിലായിരുന്നു. പോസ്റ്റോഫീസ് റോഡിലെ കടയുടെ ടെറസിന് തൊട്ടുതാഴെയുള്ള മുകൾനിലയിൽ നിന്നായിരുന്നു ഇയാൾ ഫ്ളെക്സ് അഴിച്ചിരുന്നത്.
കോർപറേഷൻ വൈദ്യുതി വിഭാഗം എത്തി വൈദ്യുതി ലൈനുകൾ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്പോഴേക്കും തൊഴിലാളി കത്തിക്കരിഞ്ഞിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തൊഴിലാളിയെ വൈദ്യുതി ലൈനിൽനിന്നു മാറ്റിയത്.