വിഴിഞ്ഞം: വൈദ്യുതി കന്പിയിൽ നിന്നുള്ള ഷോക്കേറ്റ് കത്തിയമരുന്ന പിതാവിനെ കണ്ട് ആ മകന് ഒരു നിമിഷം പോലും നോക്കി നിൽക്കാനായില്ല.
പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനും ഷോക്കേറ്റ് കത്തിയെരിഞ്ഞത്. പിതാവും മകനും പിടഞ്ഞുതീരുന്നതു കണ്ട് നടുങ്ങി നിസഹായരായി നോക്കി നിൽക്കാനേ കോട്ടുകാൽ നിവാസികൾക്കും ആയുള്ളു.
ചൊവ്വര പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ട (65) ന്റെയും മകൻ റെനിലി (35)ന്റെയും ദാരുണാന്ത്യം ആ കുടുംബത്തിനു മാത്രമല്ല പ്രദേശവാസികൾക്കെല്ലാം കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വർഷങ്ങളായി ഹൃദയ സംബന്ധമായ രോഗത്താൽ കിടപ്പിലായിരുന്ന ഭാര്യ സരസമ്മയ്ക്ക് കരിക്കിൻ വെള്ളം വേണമെന്ന ആഗ്രഹം സഫലമാക്കാൻ പുറപ്പെട്ടതായിരുന്നു അപ്പുക്കുട്ടൻ.
വീടിനോടു ചേർന്നു നിൽക്കുന്ന തെങ്ങിൽ നിന്ന് കരിക്കിടാനായി എട്ട് എംഎം കനമുള്ള ഒരു ഇരുമ്പു കമ്പി തടിയിൽ ചേർത്തുവെച്ച് കെട്ടി തോട്ടി തയാറാക്കി വീടിനടുത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ കയറി.
കരിക്ക് അടർത്തുന്നതിനിടയിൽ നീളമുള്ള തോട്ടി തെറിച്ച് സമീപത്തെ 11 കെവി ലൈനിൽ പതിക്കുകയും അപ്പുക്കുട്ടനു ഷോക്കേൽക്കുകയുമായിരുന്നു.
ശക്തമായ വൈദ്യുത ആഘാതം അപ്പുക്കുട്ടനെ കരിച്ചു കളഞ്ഞു. ടെറസിന്റെ മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് കോണിപ്പടികൾ കയറിയെത്തിയ മകൻ റെനിൽ കണ്ടത് ഷോക്കേറ്റു പിടയുന്ന പിതാവിനെയാണ്.
ഷോക്കേറ്റ് തീപിടിച്ച പിതാവിനെ രക്ഷിക്കാൻ ഓടിയെത്തിയ മകനെയും മാരക ശേഷിയുള്ള വൈദ്യുതി വെറുതെവിട്ടില്ല. ഷോക്കേറ്റ് പിടഞ്ഞുവീണ റെനിലിന്റെ കാലും കത്തിയെരിഞ്ഞു.
ടെറസിന്റെ മുകളിലായതിനാൽ പിതാവും മകനും ജീവനു വേണ്ടി പിടയുന്നത് ആദ്യമാരും കണ്ടില്ല. വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്ന തോട്ടിയിൽ തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ സംഭവത്തെ കുറിച്ച് അറിയുന്നത്.
എന്നാൽ സ്ഥലത്തെത്തിയ നാട്ടുകാർക്കും നിസഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സും പോലീസും കോട്ടുകാലിൽ നിന്ന് വൈദ്യുത വകുപ്പ് ജീവനക്കാരും എത്തുന്നതിനു മുന്പേ തന്നെ ഇരുവരും മരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.