മരങ്ങാട്ടുപിള്ളി: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ ഏണി തെന്നിമാറി വൈദ്യുതി വിതരണ കമ്പിയിൽ തട്ടി ഷോക്കേറ്റ തടി വ്യാപാരി മരിച്ചു. മരങ്ങാട്ടുപിള്ളി ഉപ്പാശേരിൽ സുനിൽ ഫ്രാൻസിസ് (സുനു -51) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് മുന്നിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തടിവ്യാപാരം നടത്തിയിരുന്ന സുനിൽ തൊഴിലാളികൾക്കൊപ്പം മരം മുറിക്കുകയായിരുന്നു. ഏണി ഉപയോഗിച്ച് കയറിയാണ് ശിഖരം മുറിച്ച് ഇറക്കിയിരുന്നത്.
ഇതിനിടയിൽ ഏണി തെന്നി വൈദ്യുതി വിതരണ കമ്പിയിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ സുനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സിന്ധു (നിരപ്പേൽ കൂടല്ലൂർ). മക്കൾ: അനു (നഴ്സിംഗ് വിദ്യാർഥിനി, ബംഗളൂരു), ആൻ മരിയ, ട്രീസ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് സഹോദരൻ ബിജു ഫ്രാൻസീസിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.