കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ നെട്ടൂരിലെ കാര്‍വാര്‍ അലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. വിവിധ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണക്കാരായ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍നിന്നു പഴകിയ സാധനങ്ങള്‍ കണ്ടെത്തി.
മാള്‍ട്ടോ വിറ്റ, ചോക്ലേറ്റുകള്‍, കേക്കുകള്‍, ബിസ്‌ക്കറ്റുകള്‍, കിറ്റ് കാറ്റ്, പാല്‍പ്പൊടി, അരിപ്പൊടി, ആട്ട എന്നിവ ഇവയില്‍പ്പെടുന്നു. ഇതിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ കെ.ബി. ഷിബുവിന്റെ നേതൃത്വത്തില്‍ രാവിലെ 11ന് ആരംഭിച്ച പരിശോധന ഉച്ചവരെ തുടര്‍ന്നു.
സ്ഥാപനത്തില്‍നിന്നു വിതരണം ചെയ്തിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനും പരിശോധിച്ച് നടപടി സ്വീകരിക്കാനും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവായിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നതിനാല്‍ സ്ഥാപനത്തിന് ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. സ്ഥാപനത്തില്‍ പഴകിയ ഭക്ഷ്യോത്പന്നങ്ങള്‍ പുതിയ പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന വിവരം ശനിയാഴ്ച പുറത്തുവന്നയുടന്‍ സ്ഥാപനം സീല്‍ ചെയ്തിരുന്നു.
തുടര്‍നടപടികളുടെ ഭാഗമായാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. ഈ സ്ഥാപനത്തിന് വിതരണത്തിനുള്ള ലൈസന്‍സ് മാത്രമാണു നല്‍കിയിട്ടുള്ളതെന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ ഇവിടെ വീണ്ടും പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കെ.വി. ഷിബു പറഞ്ഞു.
ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നതാണ് പഴകിയ ഭക്ഷണവസ്തുക്കള്‍. പഴകിയ മിഠായികള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപനത്തില്‍നിന്ന് ഉടന്‍ നീക്കംചെയ്യും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഇവ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ചു കത്തിച്ചു കളയും.
മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനീല സിബി, കൗണ്‍സിലര്‍മാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.കുട്ടികള്‍ കഴിക്കുന്ന പഴകിയ ബിസ്‌കറ്റുകളും മിഠായികളും മറ്റും നിയമവിരുദ്ധമായി വിപണിയില്‍ വിറ്റഴിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.