ജിബിൻ കുര്യൻ
കോട്ടയം: ദിലീപ് കേസിൽ വ്യാജ സ്ക്രീൻ ഷോട്ടുകളുണ്ടാക്കി അന്വേഷണത്തെ വഴി തെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാപഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോണ്‍ ജോർജി (ചാക്കോച്ചൻ)ന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.
ഇന്നു രാവിലെയാണ് ഈരാറ്റുപേട്ട ചേന്നാടു കവലയിലുള്ള പ്ലാത്തോട്ടത്തിൽ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയത്.
വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ച ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുകയാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോർജ് സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
റെയ്ഡ് നടന്നു കൊണ്ടിരിക്കുന്ന സമയം വീട്ടിൽ പി. സി. ജോർജും ഭാര്യ ഉഷയും ഷോണ്‍ ജോർജും ഭാര്യ പാർവതിയുമുണ്ട്. റെയ്ഡ് വിവരമറിഞ്ഞ നിരവധി ജനപക്ഷം പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്.