ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ അത്ഭുതങ്ങളിലൊന്നാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ. ജയ് ആയി അമിചാഭ് ബച്ചനും വീരുവായി ധര്‍മേന്ദ്രയും തകര്‍ത്തഭിനയിച്ച ചിത്രം. 1975ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഹേമമാലിനി, സഞ്ചീവ് കുമാര്‍, അംജത് ഖാന്‍ എന്നിവര്‍ ആയിരുന്നു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട തെരഞ്ഞെടുത്ത പത്ത് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ഈ സിനിമ. അക്കാലത്ത് സിനിമ കാണാന്‍ ഒന്നര കിലോമീറ്റര്‍ തീയറ്ററിനു മുമ്പില്‍ ക്യൂ ഉണ്ടായിരുന്നത് ചരിത്രം.
എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന സീന്‍ ചിത്രീകരിക്കാന്‍ മൂന്ന് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നെന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അമിതാഭ് ബച്ചനും ജയാ ബച്ചനും ഒരുമിച്ച് എത്തുന്ന സീനിനു വേണ്ടിയാണ് ആയിരം ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത്. സംവിധായകനും ഛായാഗ്രാഹകനും സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതാണ് ഈ സീന്‍ ചിത്രീകരിക്കാന്‍ ഇത്രയും കാലതാമസം നേരിട്ടതിനു പിന്നിലെ കാരണം.
സീന്‍ ഇങ്ങനെ, ഒരു സന്ധ്യാസമയത്ത് ജയാ ബച്ചന്‍ മുകളിലത്തെ നിലയില്‍ നിന്നുകൊണ്ട് വിളക്ക് നാളം കുറയ്ക്കുന്നു. അതേസമയം താഴെ ഇരുന്ന് മൗത്ത് ഓര്‍ഗണുമായി അമിതാഭ് ബച്ചന്‍ ഇരിക്കുന്നു. വളരെ ചെറിയ ഒരു സീന്‍ ആണെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയം പൂവിടുന്നത് ഈ സീനിലാണ്. സന്ധ്യാസമയത്ത് വരുന്ന സൂര്യന്റെ ചുവന്ന വെളിച്ചമാണ് ഈ സീനിനായി ഛായാഗ്രാഹകന്‍ ദ്വാരക ദ്വിവേജ നിര്‍ദ്ദേശിച്ചത്. കാര്യം കേട്ടപ്പോള്‍ സംവിധായകനും ഇഷ്ടമായെന്ന് ബച്ചന്‍ പറയുന്നു. ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിച്ചത് ഏകദേശം മൂന്നുവര്‍ഷത്തിനു ശേഷമാണ്.