സ്വന്തം ലേഖകൻ
തൃശൂർ: കേരള ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം. ഇന്നലെ രാത്രി 11 മണിയോടെ ജലനിരപ്പ് 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കളക്ടർ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലെർട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഇന്നു രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് 2660.20 അടിയാണ്.
ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. തമിഴ്നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2663 അടിയിൽ എത്താൻ ഇടയുണ്ട്. കേരള ഷോളയാർ ഡാമിൽ ഇന്നു രാവിലെ ഏഴിന് സംഭരണ ശേഷിയുടെ 95.10 ശതമാനം വെള്ളമുണ്ട്.
ഡാമിലെ ജലനിരപ്പ് 2658 അടി പിന്നിട്ടപ്പോൾ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 2663 അടി എത്തിയാലാണ് കേരള ഷോളയാർ തുറക്കാനുള്ള സാധ്യത. കേരള ഷോളയാർ തുറന്നാൽ വെള്ളം പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഇന്നു രാവിലെ എട്ടിന് 419.90 മീറ്റർ ആണ്.