കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും കുടുംബത്തിനുമെതിരേ തെളിവടക്കം ഉയര്‍ന്ന അഴിമതി, മാസപ്പടി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറും കേരള ജനപക്ഷം സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്കു പരാതി നല്കി.
വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 72 ലക്ഷം രൂപ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡില്‍നിന്ന് കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു.
വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർക്ക് ഇതേ സ്ഥാപനം 2016-19 കാലത്ത് 135 കോടി രൂപ സംഭാവനയും നല്കി.
ഇതേ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍നിന്ന് ഓഹരി ഉടമകള്‍ക്കു ലഭിക്കാന്‍ അര്‍ഹമായ ലാഭവിഹിതമാണു പല നേതാക്കള്‍ക്കും കോഴയായി നല്‍കിയിരിക്കുന്നത്.
ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പറേഷ (കെഎസ്ഐഡിസി)നാണ്.
135 കോടി തിരിമറിയില്‍ 18 കോടിയിലധികം രൂപ കെഎസ്ഐഡിസിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടം വരുത്തിയതില്‍ പ്രതിസ്ഥാനത്തുള്ളതു മുഖ്യമന്ത്രിയും ഭാര്യയും മകളും അവരുടെ സ്ഥാപനങ്ങളുമാണ്.
135 കോടി തിരിമറിയില്‍ 40 കോടി മാത്രമാണ് വിവിധ അക്കൗണ്ടുകളിലൂടെ പല വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും പോയത്.
ബാക്കി 95 കോടി ആരിലേക്കു പോയി എന്നതില്‍ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. കേരളാതീരത്തെ കരിമണല്‍ കൊള്ളയുടെ വിഹിതം വാങ്ങിക്കൂട്ടി സംസ്ഥാനം ഭരിക്കുന്നവര്‍ കോടീശ്വരന്മാരായി മാറുന്ന സാഹചര്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ജനങ്ങള്‍ ഇടതുസര്‍ക്കാരിനെയും പിണറായി വിജയനെയും അമര്‍ഷത്തോടെയും വെറുപ്പോടെയും കാണുന്നു എന്നതിനു തെളിവാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുതല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ വരെ എല്ഡിഎഫിനുണ്ടായിക്കൊണ്ടിരിക്കുന്ന ദയനീയ തോല്‍വിയെന്നും ഷോണ്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ തെളിവുകളുള്ള കോഴ ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണമുണ്ടാകുന്നില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.