കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര് എലും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരേ ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസട്രാര്‍ ഓഫ് കമ്പനീസ് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏല്‍പ്പിച്ചത്.
എന്നാല്‍ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്എഫ്ഐഒ അന്വേഷിച്ചാല്‍ സിബിഐയും ഇഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നാണ് വാദം.
മാസപ്പടി കേസില്‍ രാഷ്ട്രീയ നേതാക്കളും കമ്പനിയും ചേര്‍ന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വന്‍ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹര്‍ജിയില്‍ ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.
ഇക്കാര്യത്തില്‍ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒ യ്ക്ക് കത്ത് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.