വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയയാളെ വെടിവച്ചു കൊന്നു. യൂട്ടയിലെ പ്രൊവോ സ്വദേശിയാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ പ്രൊവോയിലുള്ള വീട്ടിൽഎഫ്ബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താൻ എത്തിയിരുന്നു. ഇതിനിടെയാണ് സംഭവം.
കൊല്ലപ്പെട്ടയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ യൂട്ടായിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ നൽകിയ പരാതിയിൽ ക്രെയ്ഗ് റോബർട്ട്സൺ എന്നാണ് മരിച്ചയാളുടെ പേര്.
സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ കൂടി ജോ ബൈഡനെയും മറ്റ് പ്രമുഖർക്കെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. ഈ ആഴ്ച പങ്കുവച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റ് ഇപ്രകാരമായിരുന്നു.
“ബൈഡൻ യൂട്ടയിലേക്ക് വരുന്നതായി ഞാൻ കേൾക്കുന്നു,” M24 സ്നൈപ്പർ റൈഫിളിലെ പൊടി വൃത്തിയാക്കുന്നു’.”സ്വാഗതം ബഫൂൺ-ഇൻ-ചീഫ്!’.
ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡിനുമെതിരെയും റോബർട്ട്സൺ ഭീഷണി മുഴക്കിയിരുന്നു. “ഒന്നോ രണ്ടോ പ്രസിഡൻഷ്യൽ കൊലപാതകത്തിനുള്ള സമയമാണ്. ആദ്യം ജോ പിന്നെ കമല’. എന്നായിരുന്നു കുറിപ്പ്.
“ഡെമോക്രാറ്റ് ഉന്മൂലനം’ എന്ന് വിശേഷിപ്പിച്ച് സെമി-ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെയുള്ള തന്റെ വിപുലമായ തോക്കുകളുടെ ശേഖരത്തിന്റെ ചിത്രവും ഇയാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബൈഡൻ നിലവിൽ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ സന്ദർശിക്കുകയാണ്. ഇന്ന് ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിൽ നിന്ന് സാൾട്ട് ലേക്ക് സിറ്റിയിലേക്ക് അദ്ദേഹം പോകും.