പോത്താനിക്കാട്: സുഹൃത്തിന്റെ വീടിന്റെ ടെറസിൽ യുവാവ് വെടിയേറ്റുമരിച്ചനിലയിൽ. പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളിൽ പ്രസാദ് (46) ആണ് മരിച്ചത്. സുഹൃത്ത് കാട്ടുചിറയിൽ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ നെറ്റിയിലും,താടിയിലും വെടിയേറ്റ അടയാളങ്ങളുണ്ട്. സമീപത്ത് എയർഗൺ തല്ലിത്തകർത്തിട്ട നിലയിലും കാണപ്പെട്ടു. മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം.
ലുങ്കിയും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. സജിവിന്റെ വീടിന്റെ പുറമെ നിന്നുമാണ് റൂഫ് മേഞ്ഞ ടെറസിലേക്കുള്ള സ്റ്റെപ്പ്. രണ്ട് വെടിയേറ്റ അടയാളങ്ങൾ കണ്ടെത്തിയതും തോക്ക് തല്ലിത്തകർത്തനിലയിൽ കണ്ടെത്തിയതും ദുരുഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. കൽപ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികൾക്കു പോകാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവർത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒന്പതോടെ പ്രസാദിനെ വീട്ടിൽ കൊണ്ടുപോയി വിട്ടതായാണ് സജീവ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. രാത്രിയിൽ ടെറസിന്റെ മുകളിൽനിന്നും ശബ്ദം കേട്ടതായി സജിവിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഭർത്താവ് മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നതിനാലാണ് വിളിച്ചുണർത്തി നോക്കാഞ്ഞതെന്നും അവർ പറഞ്ഞു.
പോത്താനിക്കാട് സിഐ ജി. സുരേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. വീട്ടുടമ സജീവ് പോലീസ് നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ധരും ഡോഗ്സ്വാഡും സ്ഥലത്തെത്തി. പ്രസാദിന്റെ ഭാര്യ: ഷൈല, മക്കൾ: വിഷ്ണു, ശരണ്യ, സുകന്യ. മരുമകൻ: രാഹുൽ.