ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. വെടിനിര്‍ത്തല്‍ അസംഭവ്യമായ കാര്യമാണ്.
ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണത്. ഇത് യുദ്ധത്തിനുള്ള സമയമാണ്. ശത്രുവിനെ താഴെനിന്നും മുകളിൽനിന്നും നേരിടുമെന്നും നെതന്യാഹു പറഞ്ഞു.
ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ 230 പേരുടെ മോചനത്തിനായി മറ്റു രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് തടവില്‍ വച്ചിരിക്കുന്നവരെ നിരുപാധികം മോചിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടേണ്ടതുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്.
അതേസമയം ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം.
അതിനിടെ ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്റെ ആക്രമണത്തിൽനിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇസ്രയേലിന്റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഗാസയിലെ സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
ഗാസയിൽ ദിവസവും 420 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. ജീവൻ നഷ്ടമാകുന്നവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.