പുൽപ്പള്ളി: പ്രാഥമികാവശ്യത്തിനു കാട്ടിൽ കയറിയ യുവാവിന് നേരെ കർണാടക വനം ഉദ്യോഗസ്ഥർ നിറയൊഴിച്ചതായി പരാതി. കേരള-കർണാടക അതിർത്തിയിലെ വണ്ടിക്കടവ് ആദിവാസി കോളനിയിൽ നാരായണന്റെ മകൻ വിനോദിനു (25) നേരെയാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വനം ഉദ്യോഗസ്ഥർ വെടിവച്ചത്.
ഉന്നം പിഴച്ചതിനാൽ വിനോദ് രക്ഷപ്പെട്ടു. അതിർത്തിയിലൂടെ ഒഴുകുന്ന കന്നാരംപുഴയിൽ കൂട്ടുകാരനായ ബിജുവിനോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് വിനോദ് പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി വനത്തിൽ പ്രവേശിച്ചത്. ബേഗൂർ റേഞ്ചിലെ വാച്ചർ തോക്കുചൂണ്ടിയതു കണ്ട് ഓടിയതാണ് വിനോദിനു രക്ഷയായത്. ഓട്ടത്തിനിടെ വീണ വിനോദിന്റെ കൈകാലുകളിൽ പരിക്കുണ്ട്.
സംഭവത്തെത്തുടർന്ന് വിനോദ് കോളനിക്കാർക്കും നാട്ടുകാർക്കുമൊപ്പം പോലീസ് സ്റ്റേഷനിലും വണ്ടിക്കടവ് ഫോസ്റ്ററ്റ് ഓഫീസിലും എത്തി പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. നിറയൊഴിച്ച വാച്ചർക്കെതിരെ കർണാടക വനം വകുപ്പും നടപടി സ്വീകരിച്ചതായി സൂചനയുണ്ട്.