ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവച്ച് കൊന്ന നടപടിയെ ന്യായീകരിച്ച് സൈബറാബാദ് കമ്മീഷണർ വി.സി.സജ്ജനാർ. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവമെന്നും കമ്മീഷണർ പറഞ്ഞു.
തെളിവെടുപ്പിനിടെ രണ്ട് തോക്കുകൾ തട്ടിയെടുത്ത് പ്രതികൾ വെടിയുതിർത്തു. കീഴടങ്ങാൻ ആവശ്യപ്പെട്ടും പ്രതികൾ തയാറായില്ല. ഇതോടെ വെടിവയ്ക്കാൻ നിർബന്ധിതരായി. പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നെന്നും വാർത്താ സമ്മേളനത്തിൽ കമ്മീഷണർ പറഞ്ഞു. രണ്ടു പോലീസുകാർക്ക് വെടിവയ്പിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വി.സി.സജ്ജനാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 28-ന് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളായ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്.
പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എഎസ്പിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വിഷയത്തിൽ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലർത്തിയില്ലെന്ന് കമ്മീഷൻ പറഞ്ഞു.