പൂച്ചാക്കൽ: അയൽവാസിയുടെ വെടിയേറ്റ യുവാവിന്റെ വയറ്റിൽ നിന്നും പെല്ലറ്റ് നീക്കി. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ് രണ്ടാം വാർഡിൽ ഗോപീനിവാസിൽ ഗോപീഷ് ലാലിനു(24) നേരെയാണ് അയൽവാസി മാടശേരി നികർത്തിൽ അജയൻ നിറയൊഴിച്ചത്. വ്യാഴാഴ്ച രാത്രി 11.30ന് ഗോപീഷിന്റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡിൽ വച്ചാണ് സംഭവം.
വീട്ടിലേയ്ക്കു വരികയായിരുന്ന ഗോപീഷിനു നേരെ അജയൻ മറവിൽ ഇരുന്നുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. മാതാപിതാക്കളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ഗോപീഷും അജയനും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് അജയൻ തോക്കുമായെത്തി വെടിവയ്ക്കുകയായിരുന്നു. വയറിന് വെടിയേറ്റ് നിലത്ത് വീണ ഗോപീഷിന്റെ തലയ്ക്ക് പ്രതി തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു.
ചോരവാർന്ന് നിലത്ത് വീണ ഗോപീഷിനെ ഓടിക്കൂടിയ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗോപീഷിന്റെ ശരീരത്തിൽ നിന്നും വെടിയുണ്ട എടുക്കാനുള്ള സർജറി ഇന്നലെ രാത്രിയാണ് നടന്നത്.
പെല്ലറ്റ്് നീക്കം ചെയ്തെങ്കിലും ഇതിന്റെ ചെറിയ ഒരു ഭാഗം ഉള്ളിലുണ്ടോയെന്ന സംശയവും ഉണ്ട്. സംഭവത്തിനു ശേഷം അക്രമി ഗോപീഷിന്റെ വാഹനത്തിന്റെ ടയറും കുത്തിക്കീറി. പ്രതിയെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്ക്കാനുപയോഗിച്ച് എയർഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലാ അജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും.