
ചങ്ങനാശേരി: എയർഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുന്നതിനിടയിൽ പെല്ലറ്റ് പതിനാലുകാരന്റെ നെഞ്ചിൽ തുളച്ചുകയറി. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ക്രിമിനൽ സംഘത്തിൽപ്പെട്ട തൃക്കൊടിത്താനം സ്വദേശി അജേഷ് (26), ചങ്ങനാശേരി സ്വദേശി അൻസിൽ (19) എന്നിവരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
പൊട്ടശേരി സ്വദേശി അന്പാടി (14)യുടെ നെഞ്ചിലാണ് പെല്ലറ്റ് തുളച്ചുകയറിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം. അജേഷും അൻസിലുംചേർന്ന് എയർഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുന്നതിനിടയിലാണ് പതിനാലുകാരന്റെ നെഞ്ചിൽ പെല്ലറ്റ് തുളച്ചുകയറിയത്.
നാട്ടുകാർ ചേർന്ന് അന്പാടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെഞ്ചിൽ തുളച്ചുകയറിയ പെല്ലെറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അന്പാടി അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽപോയ അജേഷിനും അൻസിലിനെയും തൃക്കൊടിത്താനം സിഐ അജീബ്, എസ്ഐമാരായ രാജേഷ്, സജി സാരംഗ്, എഎസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.
അജേഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും അൻസിൽ മയക്കുമരുന്നുകേസിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. തോക്കുചൂണ്ടിയുള്ള വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.