കളമശേരി: പകർച്ചപ്പനി ചികിത്സ തേടിവന്ന രോഗികളെ തടഞ്ഞുനിർത്തി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സിനിമാ ഷൂട്ടിംഗ് നടത്തിയത് രോഗികളുടെ പ്രതിഷേധ ത്തിലും ബഹളത്തിലും കലാശിച്ചു. ഇന്നലെ രാവിലെ മുതൽ ഒപി കെട്ടിടത്തിൽ ആരംഭിച്ച സിനിമാ ഷൂട്ടിംഗാണ് രോഗികൾക്കും കൂടെ വന്നവർക്കും ദുരിതമായത്. ഞായറാഴ്ച ആയതിനാൽ രോഗികൾ കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഷൂട്ടിംഗിന് അനുവദിച്ചത്. എന്നാൽ പകർച്ചവ്യാധികൾ പടരുന്ന സമയമായതിനാൽ നിരവധി രോഗികൾ മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങാൻ വരുന്നവരെ തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഷൂട്ടിംഗിനിടെ പ്രധാനമായും കാരുണ്യ ഫാർമസിയിലേക്കും ആർഎസ്ബിവൈ കൗണ്ടറിലേക്കും പോകുന്നവരെയാണ് തടഞ്ഞത്. ഒപി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർഎസ്ബിവൈ കൗണ്ടറിനും ഞായറാഴ്ച അവധിയുണ്ടായില്ല. ചില രംഗങ്ങൾക്കായി കാരുണ്യ ഫാർമസി തുണിയിട്ട് മറച്ചാണ് ചിത്രീകരണം നടത്തിയത്. അകത്തുനിന്നു വരുന്ന രോഗികൾക്ക് കാരുണ്യാ ഫാർമസി കാണാത്ത വിധം വലിയ തുണികൊണ്ട് മറച്ച് വച്ചിരിക്കുകയായിരുന്നു.
പരിചയമില്ലാത്ത രോഗികൾ ഇതുമൂലം സ്ഥലമറിയാതെ കുഴങ്ങി. മെഡിക്കൽ കോളജിലെ നാല് സെക്യൂരിറ്റി ജീവനക്കാർ ഒപി ഹാളിലേക്ക് കടക്കുന്ന വാതിൽക്കൽ നിന്ന് രോഗികളെ തടയുകയും ചെയ്തു. ഷൂട്ടിംഗ് സംഘത്തിലെ ചിലരും രോഗികളെ തടഞ്ഞെന്ന് പരാതിയുണ്ട്. ബഹളമുണ്ടാക്കിയതിനെ ത്തുടർന്നാണ് മരുന്നു വാങ്ങാൻ അനുവദിച്ചത്. ഷൂട്ടിംഗ്സംഘം മെഡിക്കൽ കോളജിലെ സ്ട്രക്ചർ അടക്കമുള്ള ഉപകരണങ്ങളും ചിത്രീകരണത്തിനായെടുത്തു.
ഫാർമസിയും ചിത്രീകരണത്തിനായി ഉപയോഗിച്ചു. ഉത്തരവാദിത്വപ്പെട്ട ജീവനക്കാരോ ഫാർമസിസ്റ്റോ സ്ഥലത്തില്ലാതെയാണ് ഫാർമസിയുടെ അകം ഷൂട്ടിംഗിനായി ഉപയോഗിച്ചത്. പകർച്ചവ്യാധികൾ പടരുമ്പോൾ ചികിത്സയും മരുന്നും എത്രയും വേഗം നൽകേണ്ടതിന് പകരം നിരുത്തരവാദിത്വപരമായി ഷൂട്ടിംഗിന് നൽകിയത് വിവാദമായിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്ന ആശുപത്രി വികസന സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.