ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇന്നലെ മൂന്നു സ്വര്‍ണം. പുരുഷന്മാരുടെയും വനിതകളുടെയും എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരവ് ചൗധരി അഭിഷേക് വര്‍മ, ഷഹ്സാര്‍ റിസ്വി ടീം 17-11ന് വിയറ്റ്നാമിനെ തോല്‍പ്പിച്ചു. ഈ ഇനത്തിലെ വ്യക്തിഗത മത്സരത്തില്‍ ചൗധരിയും വര്‍മയും വെള്ളിയും വെങ്കലവും നേടിയിരുന്നു.
വനിതകളുടെ ഈ ഇനത്തില്‍ ഇന്ത്യ. 16-8ന് പോളണ്ടിനെ തകര്‍ത്തു. യശസ്വിനി ദെസ്വാള്‍, മനു ഭാകര്‍, ശ്രീ നിവേത പരമാനന്ദം എന്നിവരാണു ടീമില്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ വ്യക്തിഗത ഇനത്തില്‍ യശസ്വിനി ദെസ്വാള്‍ നേടിയ സ്വര്‍ണത്തിലൂടെയാണ് ഇന്ത്യ ഇന്നലെ സ്വര്‍ണമെഡല്‍ നേട്ടം ആരംഭിച്ചത്. മനു ഭാകര്‍ വെള്ളി നേടി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ദീപക്കുമാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍, പങ്കജ് കുമാര്‍ എന്നിവര്‍ക്ക് വെള്ളിയേ നേടാനായുള്ളൂ. ആവേശകരമായ പോരാട്ടത്തില്‍ 16-14ന് യുഎസ്എ സ്വര്‍ണം നേടി.
ഷോട്ട്ഗണ്‍ ഷൂട്ടര്‍ ഗണേമത് സഖോന്‍ ചരിത്ര നേട്ടം. വനിതകളുടെ സ്കീറ്റ് ഇനത്തില്‍ ഗണേമത് വെങ്കലമെഡല്‍ നേടി. ലോകകപ്പ് സീനിയര്‍ തലത്തില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.