ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് (ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍, സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം. ഐഎസ്എസ്എഫ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യയുടെ ഏക സ്വര്‍ണവും ഇതായിരുന്നു.
വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്കും അപൂര്‍വി ചന്ദേലയ്ക്കും സ്വര്‍ണം ലഭിച്ചിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഫൈനലില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം 5.8 പോയിന്റ് വ്യത്യാസത്തിലാണ് സ്വര്‍ണത്തിലെത്തിയത്. 483.5 പോയിന്റാണ് മനു-സൗരഭ് സഖ്യം നേടിയത്. ചൈനയുടെ റാന്‍ക്സിന്‍ ജിയാംഗ്-ബോവെന്‍ ഷാന്ഗ് (477.7 പോയിന്റ്) സഖ്യത്തിന് വെള്ളിയും കൊറിയയുടെ മിന്ജുംഗ് കിം, ഡീഹുന് പാര്‍ക് (418.8 പോയിന്റ്) കൂട്ടുകെട്ടിനു വെങ്കലവും ലഭിച്ചു.
ലോകകപ്പിലാകെ മൂന്നു സ്വര്‍ണം നേടിയ ഇന്ത്യക്ക് ഒരു ഒളിമ്പിക് ക്വോട്ടയാണു നേടിയെടുക്കാനായത്. അത് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ചൗധരിയാണ് സ്വന്തമാക്കിയത്. ആകെ മെഡല്‍ നിലയില്‍ മൂന്നു സ്വര്‍ണമുള്ള ഇന്ത്യ ഹംഗറിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ഒരു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമായി ആകെ പത്ത് മെഡല്‍ നേടിയ ചൈനയാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ അഞ്ച് ഒളിമ്പിക് ക്വോട്ട ചൈന സ്വന്തമാക്കി.
യോഗ്യത മത്സരത്തില്‍ ലോക റിക്കാര്‍ഡ് പോയിന്റ് നേടിയാണ് മനുവും സൗരഭും ഫൈനലിലെത്തിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ ഹീന സിദ്ദുവിനും അഭിഷേക് വര്‍മയ്ക്കും യോഗ്യത കടക്കാനായില്ല.
ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ റൈഫിൾ വിഭാഗത്തിൽ പങ്കെടുത്ത ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരായ രവി കുമാറിനോടും ദീപക് കുമാറിനോടും എയർ ഫോർഴ്സ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് എയർഫോഴ്സ് മേധാവി ഉത്തവിട്ടു.