മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്കു ചരിത്ര നേട്ടം. നാലു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ലോകകപ്പ് ചാന്പ്യന്മാരായി. പുരുഷന്മാരുടെ സ്കീറ്റ് ഫൈനൽ ശേഷിക്കേയാണ് ഇന്ത്യ ലോകകപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ അഖിൽ ഷെറോണിന്റെ സ്വർണത്തോടെയാണ് ഇന്ത്യ ലോകകപ്പിൽ നാലാം സ്വർണം നേടിയത്.
രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യ നേടിയ നാലു സ്വർണത്തിൽ രണ്ടെണ്ണം പതിനാറുകാരി മനു ഭാകറുടേതാണ്. വനിതകളുടെ 10 മീറ്റർ പിസ്റ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലുമാണ് മനു സ്വർണം നേടിയത്. അതേസമയം, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ മനുവിനു അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷനിൽ 455.6 പോയിന്റ് നേടിയ ഷെറോണ് ഓസ്ട്രിയയുടെ ബ്രെൻഹാർഡ് പിക്ളിനെ രണ്ടാം സ്ഥാനത്തേക്കു തള്ളി. ഹംഗറിയുടെ ഇസ്താവാൻ പെനി (444.3) വെങ്കലം നേടി.
ഫൈനലിലെത്തിയ ഇന്ത്യയുടെ തന്നെ സഞ്ജീവ് രജ്പുത്, സ്വപ്നിൽ കുശാൽ എന്നിവർ നാലും ആറും സ്ഥാനങ്ങളിലെത്തി. ഫൈനലിലേക്കുള്ള യോഗ്യത റൗണ്ടിൽ രജ്പുത് രണ്ടാമതും ഷെറോണ് നാലാമതുമായിരുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള ഷെറോണ് ഫൈനലിൽ നീലിംഗിൽ 151.6 പോയിന്റും പ്രോണിൽ 155.1 പോയിന്റും സ്റ്റാൻഡിംഗ് എലിമിനേഷൻ റൗണ്ടിൽ 148.9 പോയിന്റുമാണ് നേടിയത്. ലോക ഒന്നാം നന്പർ അലക്സിസ് റെയ്നോഡിന് ഏഴാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.