ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഒമ്പതു സ്വര്‍ണം, അഞ്ച് വെള്ളി, അഞ്ചു വെങ്കലം; ആകെ 19 മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്.
മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ആറു മെഡലുള്ള യുഎസ്എയാണു രണ്ടാമത്. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഡെന്മാര്ക്കാണു മൂന്നാം സ്ഥാനത്ത്.
ഇന്നലെ നടന്ന മൂന്നു ഫൈനലുകളില്‍ രണ്ടിലും ഇന്ത്യ സ്വര്‍ണം നേടി. ഇതില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യ മെഡലുകള്‍ തൂത്തുവാരി. സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളുടെ ക്രമത്തില്‍ ചിങ്കി യാദവ്, രാഹി സര്‍നോബത്, മനു ഭാകര്‍ എന്നിവര്‍ മെഡലുകള്‍ നേടി.
മൂവരും ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയവരാണ്. ചിങ്കിയും രാഹിയും 32 പോയിന്റ് നേടിയതോടെ ഷൂട്ട് ഓഫിലൂടെയാണു സ്വര്‍ണവും വെള്ളിയും ആര്‍ക്കെന്നു തീരുമാനിച്ചത്.
ഷൂട്ട് ഓഫില്‍ ചിങ്കി അഞ്ച് ഷോട്ടുകളില്‍ നാലെണ്ണവും ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ രാഹിക്കു മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചുള്ളൂ. രാഹിയുമായി ഷൂട്ട്ഓഫിനൊടുവിലാണു മനു ഭാകര്‍ 28 പോയിന്റുമായി വെങ്കലം നേടിയത്.
ഷൂട്ട് ഓഫില്‍ അഞ്ചെണ്ണ ത്തില്‍ നാലെണ്ണത്തിലും ഇരുവരും ലക്ഷ്യം കണ്ടു. എന്നാല്‍ 29-28ന്റെ അഗ്രഗേറ്റില്‍ രഹി ചിങ്കിയുമായുള്ള പോരാട്ടത്തിനു യോഗ്യത നേടി.