കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വിതരണത്തിനായി എത്തിച്ച ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാക്കാരിലേക്ക്. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷത്തിന് ഒരുങ്ങുകയാണ് അധികൃതർ. എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന സിനിമ-സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് നേരത്തെതന്നെ പോലീസ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് കൽപറ്റ സ്വദേശികളായ ഇജാസ്(29), നൗഷീർ(26), ചേർത്തല അരീപ്പറന്പ് സ്വദേശി അനസ് (25) എന്നിവർ ഇന്നലെ പോലീസ് പിടിയിലാകുന്നത്.
ആവശ്യക്കാർ പ്രതികളുടെ മൊബൈലിലേക്ക് വാട്സ് ആപ്പ് സന്ദേശം അയക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. സന്ദേശം വായിച്ച ഉടൻ ഇവ ഡിലീറ്റ് ചെയ്യും. ദിവസവും പതിനായിരങ്ങളുടെ കച്ചവടം ഇത്തരത്തിൽ ഇവർ നടത്തിയിരുന്നതായാണു പോലീസിന്റെ നിഗമനം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു.
മാവോയിസ്റ്റ് മേഖലയും ആന്ധ്ര-ഒഡീഷ അതിർത്തി ജില്ലയുമായ റായഗഡയിലെ മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേശു വനമേഖലയിൽ നേരിട്ട് എത്തിയാണ് മൂവർ സംഘം കഞ്ചാവു ശേഖരിച്ചിരുന്നത്. തുടർന്നു റായഗഡയിൽനിന്നു ബസ് മാർഗം വിശാഖപട്ടണത്ത് എത്തിച്ച് അവിടെനിന്നാണ് കൊച്ചിയിലെത്തിച്ചിരുന്നത്. വിശാഖപട്ടണത്തു നിന്ന് കഞ്ചാവ് കൊണ്ടുവരവെയാണ് കണ്ടെയ്നർ റോഡിൽവച്ചാണ് പ്രതികളെ കുടുക്കിയത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രതി അനസ് നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലാണ് ഇടനിലക്കാർ വഴി ലഹരിസാധനങ്ങൾ ലൊക്കേഷനുകളിൽ എത്തിച്ചിരുന്നത്. മൂന്നു മാസത്തിനിടെ ഏഴു തവണ കഞ്ചാവും ഹാഷിഷും സിനിമാ സെറ്റുകളിൽ നൽകിയതായി പ്രതികൾ പോലീസിനോടു വെളിപ്പെടുത്തി. ഒഡീഷയിൽനിന്നു കിലോയ്ക്കു 4,000 രൂപ നിരക്കിൽ ലഭിക്കുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിൽ 20,000 രൂപയ്ക്കാണു പ്രതികൾ വില്പന നടത്തിയിരുന്നത്.
ഇടുക്കിയിൽനിന്ന് ഒഡീഷയിലേക്കും ആന്ധ്രയിലേക്കും കുടിയേറിയ ഇടുക്കിയിലെ കഞ്ചാവ് കൃഷിക്കാരാണ് മാവോയിസ്റ്റുകളുടെ സഹായത്തോടെ ഭൂമി പാട്ടത്തിനെടുത്ത് അവിടെ കൃഷി ചെയ്യുന്നത്. കേരളത്തിൽനിന്നു സ്ത്രീകളടക്കമുള്ള ഇടനിലക്കാർ ഇവിടെയെത്തി ശേഖരിക്കുന്നുണ്ട്. മൂവർ സംഘത്തിനു കഞ്ചാവ് നൽകുന്ന സ്ത്രീയെകുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രൈംഡിറ്റാച്ച്മെന്റ് എസിപി ബിജി ജോർജ്, ഷാഡോ എസ്ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് സെൻട്രൽ സിഐ വ്യക്തമാക്കി.