മങ്കൊന്പ് : ഷൂട്ടിംഗ് ലൊക്കേഷനിൽ അതിക്രമിച്ചു കയറി പിന്നണി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കസുകളിൽ പ്രതിയായ പുന്നമട അഭിലാഷ്, പ്രിൻസ് സേവ്യർ, എന്നിവരാണ് പിടിയിലായത്. അഭിലാഷിനെ ഇന്നലെ രാത്രിയിലും, പ്രിൻസിനെ ഇന്നു പുലർച്ചെയുമാണ് പിടികൂടിയത്. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെക്കൂടാതെ ശ്രീക്കൂട്ടൻ എന്നയാളിനുവേണ്ടിയും അന്വേഷണം തുടരുകയാണെന്ന് നെടുമുടി എസ്ഐ പറഞ്ഞു.
കുട്ടനാട്ടിലെ കൈനകരിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. കുട്ടനാട് കേന്ദ്രീകരിച്ച് ചിത്രീകരണം നടക്കുന്ന കുഞ്ചാക്കോ ബോബൻ നായകനായ ’കുട്ടനാടൻ മാർപ്പാപ്പ ’ എന്ന ചിത്രത്തിന്റെ കൈനകരിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഇന്നലെ രാത്രി ഏഴോടെ കൈനകരി മുട്ടേൽ പാലത്തിനു സമീപത്തുള്ളഷൂട്ടിംഗ് നടക്കുന്പോൾ രണ്ടു പേർ അതുവഴി ബൈക്കിൽ പോകുകയും നിയന്ത്രണം വിട്ട് ആറ്റിൽ വീഴുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബൈക്കുയാത്രക്കാർ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവരുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ഇവർ വിവരമറിയിച്ചതനുസരിച്ച് നെടുമുടി പോലീസെത്തി നെറ്റിയിൽ മുറിവേറ്റ പ്രിൻസിനെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് രാത്രിയിൽ ആശുപത്രിയിൽ നിന്നിറങ്ങിയ അഭിലാഷും സംഘവും വീണ്ടും ലൊക്കേഷനിൽ ആയുധങ്ങളുമെത്തുകയും സെറ്റിലുള്ളവർക്കുനേരെ ആക്രമണം നടത്തുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ അനീസ്, ഷിന്േറാ എന്നിവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനു കേസെടുത്ത ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. എന്നാൽ ലൊക്കേഷനിൽ വച്ച തങ്ങൾക്കും മർദ്ദനമേറ്റതായി കസ്റ്റഡിയിലുള്ളവർ പറയുന്നു. നേരത്തെ കൈനകരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതടക്കം നിരവധി ക്രിനമിനൽ കേസുകളിൽ പ്രതിയാണ് അഭിലാഷ്.