തൃശൂർ: പോലീസ് അക്കാദമിയിൽ ഷൂട്ടിംഗ് ക്ലബ് ആരംഭിക്കാനൊരുങ്ങുന്നതു റേഞ്ച് സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാതെയെന്ന് ആക്ഷേപം. നാഷണൽ ഗെയിംസിനായി നിർമിച്ച ഷൂട്ടിംഗ് റേഞ്ച് നവീകരിച്ചു സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ഷൂട്ടിംഗ് ക്ലബ് രൂപീകരിക്കുന്നതിനും നേരത്തെ ഹൈക്കോടതി ഒരു വർഷം സമയം നൽകിയിരുന്നു.
ഈ കാലാവധി നവംബർ ഒന്പതിന് അവസാനിക്കാനിരിക്കേയാണു ക്ലബ് രൂപീകരിക്കുന്നതായുള്ള പത്രക്കുറിപ്പ് അധികൃതർ തിടുക്കപ്പെട്ടു പുറത്തിറക്കിയിരിക്കുന്നത്. നാഷണൽ ഗെയിംസിനായി ആറു കോടി രൂപ ചെവിൽ 2015ലാണു രാമവർമപുരം പോലീസ് അക്കാദമി കോന്പൗണ്ടിൽ ഷൂട്ടിംഗ് റേഞ്ച് നിർമിച്ചത്. മത്സരങ്ങൾക്കുശേഷം റേഞ്ച് സംരക്ഷിക്കാതെ നശിച്ചുപോകുന്ന അവസ്ഥയായിരുന്നു.
ഇതിനെതിരേ ഡിസിസി ജനറൽ സെക്രട്ടറിയായ ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് റേഞ്ച് സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കും അംഗത്വമെടുക്കാവുന്ന രീതിയിൽ ക്ലബ് രൂപീകരിക്കുന്നതിനും ഒരു വർഷത്തെ സമയം നൽകിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഷൂട്ടിംഗ് ക്ലബ് നവീകരിക്കാനോ സംരക്ഷിക്കാനോ ഉള്ള യാതൊരു നടപടിയും അധികൃതർ ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഷൂട്ടിംഗ് ഉപകരണങ്ങൾ ജില്ലാ കളക്ടറിൽനിന്നു തിരികേ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടില്ലെന്ന് അറിയുന്നു. ഈ സാഹചര്യത്തിൽ കോടതി അനുവദിച്ച സമയം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേ ക്ലബ് തുടങ്ങാനുള്ള തീരുമാനം കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാകാനുള്ള താൽകാലിക സൂത്രപ്പണി മാത്രമാണെന്നാണെന്നും ആരോപണമുണ്ട്.
<b>ഷൂട്ടിംഗ് ക്ലബ് ആരംഭിക്കുന്നു</b>
തൃശൂർ: കേരള പോലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ട്രാപ് ആന്റ് സ്കീറ്റ് ഷൂട്ടിംഗ് ക്ലബ് ആരംഭിക്കുന്നു. 2015 ൽ ദേശീയ ഗെയിംസിനായി തയാറാക്കിയ പോലീസ് അക്കാദമിയിലെ ഷൂട്ടിംഗ് റേഞ്ചിലാണു പരിശീലനം. ക്ലബിൽ പൊതുജനങ്ങൾക്കും അംഗത്വം എടുക്കാം. സർക്കാർ ജീവനക്കാർക്കായി ഒഫീഷ്യൽ മെന്പർഷിപ്പും പൊതുജനങ്ങൾക്കായി നോണ് ഒഫീഷ്യൽ മെന്പർഷിപ്പുമാണു നൽകുന്നത്. 10,000 യാണു വാർഷിക വരിസംഖ്യ. കൂടുതൽ വിവരങ്ങൾക്ക് :0487-2328481. അവസാന തിയതി 25.