കൊച്ചി: കേരളത്തിൽ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാൽ ഏഴോളം സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിയെന്നും സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നല്‍കണമെന്നും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഉള്‍പ്പെടെ ഷൂട്ടിംഗ് ഇതര സംസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. അവിടങ്ങളിൽ സിനിമാ മേഖല വീണ്ടും സജീവമായിക്കഴിഞ്ഞു.
യാതൊരു കാര്‍ക്കശ്യവും നിബന്ധനകളുമില്ലാതെയാണ് അവിടെ ഷൂട്ടിംഗ് നടക്കുന്നത്. കേരളത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയലുകള്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയിട്ട് ആഴ്ചകളായി.
എന്നിട്ടും സിനിമയ്ക്കു മാത്രം അനുവാദമില്ല. ഇതുമൂലം സിനിമാ മേഖലയിലെ അടിസ്ഥാനവര്‍ഗ തൊഴിലാളികൾക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണെന്നു ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഒന്നാം അടച്ചിടല്‍ സമയത്ത് ചലച്ചിത്ര തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 2,000 രൂപ സഹായമായി നല്കിയതു രണ്ടാം ഘട്ടത്തില്‍ 1,000 രൂപയായി കുറച്ചു.
അംഗങ്ങള്‍ക്ക് സഹായം എത്തിക്കാൻ സംഘടന ശ്രമിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതു തുടരാനാവില്ലെന്നും എത്രയും വേഗം ഷൂട്ടിംഗ് പുനരരാംഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.