നെടുങ്കണ്ടം: മൃഗാശുപത്രി പെട്ടെന്ന് പോലീസ് സ്റ്റേഷനായി മാറിയത് നെടുങ്കണ്ടംകാർക്ക് കൗതുകമായി. നെടുങ്കണ്ടം മൃഗാശുപത്രി കെട്ടിടത്തിന്റെ മുന്പിൽ ജനമൈത്രി പോലീസ് സ്റ്റേഷൻ തൂക്കുപാലം എന്ന ബോർഡു തൂങ്ങിയപ്പോൾ വിവരമറിയാൻ നാട്ടുകാർ ഓടിയെത്തിയതാണ്. അപ്പോൾ മാത്രമാണ് നെപ്പോളിയൻ, നന്ദിനി എന്നിവർ നായികാ – നായകൻമാരായ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നകാര്യം നാട്ടുകാർ അറിയുന്നത്.
എൽ.ആർ. സുന്ദർ സംവിധാനം ചെയ്യുന്ന ഐനാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോൾ നെടുങ്കണ്ടത്തും പരിസര പ്രദേശത്തും നടക്കുന്നത്. രാമക്കൽമേട്, ബാലൻപിള്ളസിറ്റി, തൂക്കുപാലം, കല്ലാർ, നെടുങ്കണ്ടം തുടങ്ങിയിടങ്ങളിലാണ് ഷൂട്ടിംഗ്. കേരള – തമിഴ്നാട് അതിർത്തിയിലെ അയ്യപ്പനാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ബാലൻപിള്ളസിറ്റിയാണ് അയ്യപ്പനാടായി മാറ്റിയിരിക്കുന്നത്.
ഹൈറേഞ്ച് മേഖലയിൽ ഷൂട്ടിംഗ് പലയിടങ്ങളിൽ മുന്പും നടന്നിട്ടുണ്ടെങ്കിലും നെടുങ്കണ്ടം ടൗണിൽ ആദ്യമായി നടക്കുന്ന ഷൂട്ടിംഗ് കാണാൻ കഴിഞ്ഞതിലുള്ള ആവേശത്തിലാണ് നാട്ടുകാർ.