ആലപ്പുഴ: ഭക്ഷ്യ വസ്തുക്കളും പഴംപച്ചക്കറി തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ അവശ്യ വസ്തുക്കളും വിൽക്കുന്ന കടകൾ രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉപഭോക്താക്കൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ ഉള്ള സൗകര്യവും സാനിറ്റൈസർ ഉപയോഗത്തിനുള്ള സൗകര്യവും സാമൂഹിക അകലം പാലിക്കാൻ ഉള്ള സംവിധാനവും ഉണ്ടായിരിക്കണം.
തുറക്കാൻ അനുവദനീയമല്ലാത്തവ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, കായികകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ, അങ്കണവാടികൾ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കൽ വീടുകളിൽ), ബാർബർ ഷോപ്പുകൾ, ലേഡീസ് സ്റ്റോറുകൾ, ബ്യൂട്ടി പാർലറുകൾ, ടെക്സ്റ്റൈലുകൾ, സ്റ്റുഡിയോകൾ, ചെരിപ്പുകടകൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, തയ്യൽക്കടകൾ, ചായയും പാനീയങ്ങളും വിൽക്കുന്ന പെട്ടിക്കടകൾ, റോഡരികിൽ എണ്ണയിൽ വറുത്ത് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പനകൾ, സ്വർണക്കടകൾ, പുകയിലയുടെ ഉപയോഗവും വില്പനയും, ഫോട്ടോകോപ്പി-പ്രിന്റിംഗ് കടകൾ, ഇന്റർനെറ്റ് കഫേകൾ.
സാമൂഹ്യ, രാഷ്്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, ആത്മീയ കൂട്ടായ്മകളും മറ്റ് കൂടിച്ചേരലുകളും നടത്താൻ പാടില്ല.
അതേസമയം സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കടകൾ തുറന്നപ്പോൾ ബലമായി അടപ്പിച്ചെന്ന ആക്ഷേപവുമായി വ്യാപാരി വ്യവസായി ഏകോപനസമിതിയും രംഗത്തെത്തി.
കേരളത്തിൽ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ, ഷോപ്പിംഗ് മാളുകൾ, വലിയ രീതിയിലുള്ള വ്യാപാര വാണിജ്യ സമുച്ചയങ്ങൾ, ഒഴികെയുള്ള നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രിയുടെയും അതിൻ പ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കട തുറന്നുവച്ച വ്യാപാരികളെ പോലീസിനെ വിട്ട് നിർബന്ധിച്ച് കടകളടപ്പിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയും ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽരാജും ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിൽ മറ്റ് ജില്ലകളിലൊന്നും ഇല്ലാത്ത തീരുമാനമാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിൽ മാറ്റം വരുത്തിയില്ലങ്കിൽ വ്യാപാരികൾ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്ഥിതി സംജാതമാകുമെന്നും ജില്ലാ ഭരണകൂടമായിരിക്കും അതിനുത്തരവാദികൾ എന്നും രാജു അപ്സരയും സബിൽ രാജും പറഞ്ഞു.